ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ മീഷോയ്ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 1,499.73 കോടി രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു. ഈ ഉത്തരവിനെതിരെ നിയമപരമായി പോരാടുമെന്ന് കമ്പനി അറിയിച്ചു. മുൻ വർഷവും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ മീഷോയ്ക്ക് തിരിച്ചടിയായി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2023-24 സാമ്പത്തിക വര്‍ഷത്തെ നികുതിയിനത്തില്‍ പലിശയടക്കം 1,499.73 കോടി രൂപ അടയ്ക്കണമെന്നാണ് വകുപ്പിന്റെ ആവശ്യം. എന്നാല്‍, ഈ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 143(3), സെക്ഷന്‍ 156 എന്നിവ പ്രകാരമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വകുപ്പിന്റെ കണ്ടെത്തലുകളോട് വിയോജിക്കുന്നതായും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കൃത്യമായ നിയമപരമായ തെളിവുകളുണ്ടെന്നും മീഷോ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.

ഇത് രണ്ടാം തവണ

ഇതാദ്യമായല്ല മീഷോ നികുതി കുരുക്കില്‍പ്പെടുന്നത്. തൊട്ടുമുമ്പത്തെ വര്‍ഷവും (2022-23) സമാനമായ രീതിയില്‍ നികുതി ആവശ്യം ഉയര്‍ന്നിരുന്നു. ഈ കേസ് നിലവില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ നോട്ടീസിന്റെ നടപടികള്‍ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. പുതിയ നോട്ടീസിലും സമാനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

നഷ്ടം കൂടി, വരുമാനവും കൂടി

കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനിടെയാണ് പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷം 37.4 കോടിയായിരുന്ന അറ്റനഷ്ടം ഇത്തവണ 491 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 32% വര്‍ധിച്ച് 3,517.6 കോടി രൂപയിലെത്തി.ഓര്‍ഡറുകളുടെ എണ്ണത്തില്‍ 36 ശതമാനവും ഉപഭോക്താക്കളുടെ എണ്ണത്തില്‍ 34 ശതമാനവും വളര്‍ച്ചയുണ്ടായെന്നാണ് കണക്ക്. ചെലവുകള്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ വര്‍ധിച്ചതാണ് നഷ്ടം കൂടാന്‍ കാരണമായത്. എങ്കിലും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ നികുതി നോട്ടീസ് ബാധിക്കില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കുന്നു.

2015-ല്‍ വിദിത് ആത്രേയും സഞ്ജീവ് ബര്‍ണ്‍വാളും ചേര്‍ന്ന് സ്ഥാപിച്ച മീഷോ, ചെറുകിട വ്യാപാരികളെയും സാധാരണക്കാരായ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ച് രണ്ടാം നിര നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കമ്പനി വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. നിയമപോരാട്ടം തുടരുമ്പോഴും തങ്ങളുടെ സേവനങ്ങള്‍ തടസമില്ലാതെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.