സ്വിഗ്ഗിയോടും സൊമാറ്റോയോടും നേരിട്ട് ഏറ്റുമുട്ടാൻ ആമസോണ്‍; മിന്നല്‍ ഡെലിവറിക്കായി നിക്ഷേപിക്കുന്നത് 3 ലക്ഷം കോടി

Published : Jun 08, 2026, 04:44 PM IST
amazon

Synopsis

ക്വിക്ക് കോമേഴ്‌സ് വിപണിയിൽ ആമസോൺ ഇന്ത്യ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപ നിക്ഷേപിച്ച് 100 പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും 1000 മൈക്രോ- ഫുൾഫിൽമെന്റ് സെന്ററുകൾ സ്ഥാപിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം. ഈ നീക്കം ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവർക്ക് കനത്ത വെല്ലുവിളിയാകും.

ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം വീട്ടിലെത്തിക്കുന്ന 'ക്വിക്ക് കോമേഴ്‌സ്' വിപണിയില്‍ പോരാട്ടം കടുക്കുന്നു. നിലവില്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയ വമ്പന്മാര്‍ വാഴുന്ന ഈ മേഖലയിലേക്ക് ഞെട്ടിക്കുന്ന നിക്ഷേപവുമായി കടന്നുവരികയാണ് ആമസോണ്‍ ഇന്ത്യ. പുതിയ 100 നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനും, 1000 മൈക്രോ- ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുടങ്ങാനും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ വമ്പന്‍ നിക്ഷേപം നടത്താനുമാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. സാധനങ്ങള്‍ എത്തിക്കുന്നതിനായി നഗരങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപിക്കുന്ന ചെറിയ ഗോഡൗണുകളെയാണ് മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ എന്ന് വിളിക്കുന്നത്.

അതിവേഗ വളര്‍ച്ച, കുതിപ്പായി 'ആമസോണ്‍ നൗ'

ആമസോണിന്റെ ക്വിക്ക് കോമേഴ്‌സ് സേവനമായ 'ആമസോണ്‍ നൗ'വഴി ഓരോ ദിവസവും രണ്ടോ മൂന്നോ പുതിയ മൈക്രോ- ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് കമ്പനി ആരംഭിക്കുന്നത്. പ്രതിമാസം 25 ശതമാനം എന്ന നിരക്കിലാണ് ആമസോണ്‍ നൗവിലൂടെയുള്ള ഓര്‍ഡറുകള്‍ വര്‍ദ്ധിക്കുന്നത്. അമേരിക്ക, യുകെ, ജപ്പാന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ഈ സേവനം ലഭ്യമാണ്. വൈകാതെ ലാറ്റിന്‍ അമേരിക്കയിലും ഇതിന് തുടക്കമാകും.

കരുത്തായി പ്രൈം മെമ്പര്‍മാര്‍

ആമസോണിന്റെ ഈ വമ്പന്‍ കുതിപ്പിന് പ്രധാന കരുത്താകുന്നത് അവരുടെ പ്രൈം മെമ്പര്‍ഷിപ്പുള്ള ഉപഭോക്താക്കളാണ്. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2026 അവസാനത്തോടെ പ്രൈം ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതില്‍ പുതിയ മെമ്പര്‍മാരില്‍ 70 ശതമാനത്തിലധികവും മെട്രോ നഗരങ്ങള്‍ക്ക് പുറത്തുനിന്നുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സാധാരണ ഉപഭോക്താക്കളേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് പ്രൈം മെമ്പര്‍മാര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഇതിന് പുറമെ, ആമസോണ്‍ നൗ സേവനം ഉപയോഗിക്കാന്‍ തുടങ്ങുന്നവര്‍ മൂന്നിരട്ടി കൂടുതല്‍ തവണ സാധനങ്ങള്‍ വാങ്ങുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലാഭവും വളര്‍ച്ചയും ഒപ്പം കൊണ്ടുപോകും

2010 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറാണ് ആമസോണ്‍ നിക്ഷേപിച്ചത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി അടുത്തിടെ 2,800 കോടി രൂപ കൂടി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഇതുവരെ 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി സാധ്യമാക്കിയ കമ്പനി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 80 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ചെറിയ നഗരങ്ങളിലേക്കുള്ള വികസനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ നിക്ഷേപങ്ങളുമാണ് ഈ ലക്ഷ്യത്തിലെത്താന്‍ ആമസോണിനെ സഹായിക്കുക.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ട് ലുലു ഗ്രൂപ്പിന്റെ പുതിയ കാൽവെയ്പ്പ്; ഫോക്കസ് മാളിൽ ലുലു ഡെയിലി ആരംഭിച്ചു
ഇത്രയും വലിയ തുകയോ, എന്തിനെന്ന് നോയൽ ടാറ്റ; ഡിജിറ്റൽ ഗ്രൂപ്പ് മുന്നോട്ടുവച്ച ബിസിനസ് പ്ലാനിലെ കണക്കിനെ ചൊല്ലി ബിസിനസ് സാമ്രാജ്യത്തിൽ കല്ലുകടി