എട്ട് വര്‍ഷം മുന്‍പ് തുടങ്ങി, അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികള്‍: ഒടുവില്‍ അവാര്‍ഡ് സ്വന്തമാക്കി ഗോ എയര്‍ !

By Web TeamFirst Published Oct 16, 2019, 11:53 AM IST
Highlights

2011-18 കാലയളവില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 150% വര്‍ദ്ധനവാണ് ആന്‍ഡമാനില്‍ ഉണ്ടായത്. 

കൊച്ചി: മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി.  പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്. കൃത്യസമയം പാലിക്കുന്നതില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12-ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ എയറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. 

കേന്ദ്ര ടൂറിസം മന്ത്രാലയവും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് സംഘടിപ്പിച്ചത്.പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ക്കൊപ്പം, റെസ്റ്റോറന്റുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ വിനോദസഞ്ചാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗോ എയറിനെ അഭിനന്ദിച്ചു.

എട്ട് വര്‍ഷം മുമ്പാണ് തങ്ങളുടെ 19 മത് ലക്ഷ്യസ്ഥാനമായ പോര്‍ട് ബ്ലയറിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചത്. അന്നുമുതല്‍ പോര്‍ട്ട് ബ്ലെയറിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഉറക്കമില്ലാത്ത രാത്രികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. 2011-18 കാലയളവില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 150% വര്‍ദ്ധനവാണ് ആന്‍ഡമാനില്‍ ഉണ്ടായത്. വിനോദ സഞ്ചാരികളുടെ അളവ് 2.02 ലക്ഷത്തില്‍ നിന്ന് 5.13 ലക്ഷമായി ഉയര്‍ന്നു. ഹോട്ടല്‍ താമസം ഇരട്ടിയാവുകയും ടൂറിസ്റ്റ് ക്യാബുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. ഈ വളര്‍ച്ചയില്‍ ഗോ എയര്‍ ഒരു അവിഭാജ്യ ഘടകമായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അവാര്‍ഡ് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

click me!