ഇന്ത്യയിൽ കാരുണ്യത്തിന്റെ താക്കോലുമായി ആപ്പിൾ; ഒരുങ്ങുന്നത് വൻ പദ്ധതി, ലക്ഷ്യം ചൈനയില്‍ നിന്നുള്ള പിന്മാറ്റമോ

By Web TeamFirst Published Apr 9, 2024, 5:17 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ വിതരണക്കാരായ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഫോക്‌സ്‌കോൺ അവരുടെ 35,000-ത്തോളം തൊഴിലാളികൾക്ക് വീട് നൽകും.

ദില്ലി: ഇന്ത്യയിലെ ജീവനക്കാർക്കായി വീടുകൾ നിർമിക്കാൻ ഐഫോൺ നിർമാതാക്കളായ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോമ്പ് എന്നിവയുൾപ്പെടെ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും തങ്ങളുടെ ജീവനക്കാർക്കായി 78,000-ത്തിലധികം വീടുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്ക് ഭാഗികമായി ധനസഹായം നൽകും. ചൈനയിലും ആപ്പിൾ തൊഴിലാളികൾക്ക് വീട് നിർമിച്ച് നൽകിയിരുന്നു. ഐ ഫോണിന്‍റെ ഉല്‍പാദനം ചൈനയില്‍ നിന്ന് മാറ്റി ഇന്ത്യയില്‍ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ആപ്പിളിന്‍റെ നീക്കമെന്ന് പറയുന്നു.  

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ വിതരണക്കാരായ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ പ്രവർത്തിക്കുന്ന ഫോക്‌സ്‌കോൺ അവരുടെ 35,000-ത്തോളം തൊഴിലാളികൾക്ക് വീട് നൽകും. ഫോക്‌സ്‌കോണിൽ നിലവിൽ 41,000 ജോലിക്കാരുണ്ട്. അവരിൽ 75% സ്ത്രീകളാണ്. ടാറ്റ ഇലക്‌ട്രോണിക്‌സ് 11,500 യൂണിറ്റുകളാണ് ഹൊസൂർ പ്ലാൻ്റിൽ ജീവനക്കാർക്കായി നിർമ്മിക്കുന്നത്. ഐഫോൺ എൻക്ലോസറുകളാണ് ടാറ്റ നിർമിക്കുന്നത് നിർമ്മിക്കുന്നു. ആപ്പിളിനായി പവർ അഡാപ്റ്ററുകൾ, എൻക്ലോസറുകൾ, മാഗ്നറ്റിക്‌സ് എന്നിവ നിർമ്മിക്കുന്ന സാൽകോംപ് 3,969 വീടുകളും നിർമിക്കും. ചൈനയിൽ പിന്തുടർന്ന അതേ മോഡലാണ് ആപ്പിൾ ഇന്ത്യയിലും നടപ്പാക്കുന്നത്. ചൈനയിൽ ഐഫോൺ വിതരണക്കാരായ ഫോക്‌സ്‌കോൺ ഫാക്ടറിക്ക് സമീപം തൊഴിലാളികൾക്ക് താമസിക്കാനുള്ള വീടുകളും ഭക്ഷണത്തിനും മരുന്നിനും സബ്സിഡിയും ഒരുക്കിയിരുന്നു.

ജീവനക്കാർക്ക് വീട് നൽകുന്നത് ഉൽപാദന ക്ഷമത വർധിപ്പിക്കുമെന്നാണ് ആപ്പിളിന്റെ വാദം. അതോടൊപ്പം ആപ്പിളിന്റെ ഉൽ​പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയിൽ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗവുമാണ് പാർപ്പിട പദ്ധതി. ഫോക്‌സ്‌കോൺ ഇന്ത്യയിൽ തൊഴിലാളികൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുന്നതായി രണ്ട് വർഷം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്ത്യൻ ജീവിതരീതിക്ക് അനുയോജ്യമായ വീടുകളായിരിക്കും രാജ്യത്ത് നിർമിക്കുക.   ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ചൈനയിലെ ഷെങ്‌ഷൗവിൽ, ഫോക്‌സ്‌കോൺ മൂന്ന് ലക്ഷം തൊഴിലാളികൾക്കാണ് ഹോസ്റ്റൽ സൗകര്യം നൽകുന്നത്. ഐഫോൺ സിറ്റി എന്നാണ് ഷെങ്‌ഷൗ അറിയപ്പെടുക. 
 

click me!