
ആഗോള ടെക് ഭീമന്മാരായ ആപ്പിളിന്റെ സിഇഒ പദവി അലങ്കരിക്കുന്ന ടിം കുക്ക് സ്ഥാനമൊഴിയുകയാണ്. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍ണസ് ആണ് പുതിയ സിഇഒ. 2026 സെപ്റ്റംബര്‍ 1-ന് അദ്ദേഹം ചുമതലയേല്‍ക്കും. സിഇഒ സ്ഥാനത്തുനിന്ന് മാറുന്ന ടിം കുക്ക് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരും.
ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് 50-കാരനായ ജോണ്‍ ടെര്‍ണസ്. 2001-ല്‍ പ്രൊഡക്റ്റ് ഡിസൈന്‍ ടീമിലൂടെയാണ് അദ്ദേഹം ആപ്പിളില്‍ എത്തിയത്. 2013-ല്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റായും 2021-ല്‍ സീനിയര്‍ വൈസ് പ്രസിഡന്റായും അദ്ദേഹം നിയമിതനായി. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ആപ്പിളിന്റെ സകല ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളുടെയും ചുമതല നിലവില്‍ ടെര്‍ണസിനാണ്.
ആപ്പിളിന്റെ വിപ്ലവകരമായ മാറ്റങ്ങളില്‍ പലതിനും ടെര്‍ണസ് നേതൃത്വം നല്‍കിയിട്ടുണ്ട്. ഐപാഡ്, എയര്‍പോഡ്‌സ് എന്നിവയുടെ ലോഞ്ചില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അടുത്തിടെ വിപണിയിലെത്തിയ ഐഫോണ്‍ 17 ലൈനപ്പ്, തീര്‍ത്തും കനം കുറഞ്ഞ ഐഫോണ്‍ എയര്‍, പുതിയ മാക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് പിന്നിലെ ബുദ്ധി ടെര്‍ണസിന്റേതാണ്. ഇന്റല്‍ ചിപ്പുകളില്‍ നിന്ന് മാറി ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച സിലിക്കണ്‍ ചിപ്പുകളിലേക്ക് മാറിയത് മാക് കമ്പ്യൂട്ടറുകളുടെ പ്രകടനവും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിച്ചു. ആപ്പിളിന്റെ ബിസിനസ്സില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു.
പെര്‍ഫെക്ഷനിസ്റ്റ്; സ്‌ക്രൂവിലെ വരകളില്‍ പോലും ശ്രദ്ധ
സാങ്കേതികവിദ്യയേക്കാള്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ടെര്‍ണസ്. 'വെറുമൊരു സാങ്കേതികവിദ്യ പുറത്തിറക്കുക എന്നതല്ല ആപ്പിളിന്റെ ലക്ഷ്യം, മറിച്ച് അത് ഉപയോഗിച്ച് മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്,' എന്ന് അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ജോലിയില്‍ അതീവ കൃത്യത പുലര്‍ത്തുന്ന ടെര്‍ണസിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. ജോലിയില്‍ പ്രവേശിച്ച ആദ്യകാലത്ത്, ഒരു സ്‌ക്രൂവിലെ വരകളുടെ എണ്ണത്തെച്ചൊല്ലി അദ്ദേഹം സഹപ്രവര്‍ത്തകരോട് തര്‍ക്കിച്ചിരുന്നു. ഉപഭോക്താക്കള്‍ ശ്രദ്ധിക്കില്ലെങ്കില്‍ പോലും ഓരോ ചെറിയ ഭാഗവും ആപ്പിളിന്റെ നിലവാരത്തിന് അനുസരിച്ചായിരിക്കണം എന്ന നിര്‍ബന്ധമാണ് ടെര്‍ണസിനെ വ്യത്യസ്തനാക്കുന്നത്. പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ടെര്‍ണസ്, ആപ്പിളില്‍ എത്തുന്നതിന് മുന്‍പ് 'വെര്‍ച്വല്‍ റിസര്‍ച്ച് സിസ്റ്റംസ്' എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.