ഇന്ത്യക്കാരന്‍ ആഗ്രഹിച്ചു പക്ഷേ കിട്ടിയത് ചൈനീസ് ഏജന്‍സിക്ക്, തോമസ് കുക്ക് തിരിച്ചുവരുന്നു

By Web TeamFirst Published Nov 3, 2019, 5:12 PM IST
Highlights

2012 ലാണ് തോമസ് കുക്ക് യുകെയില്‍ നിന്ന് വാട്സ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് (ടിസിഐഎല്‍) വാങ്ങിയത്. യുകെ തോമസ് കുക്കിന്‍റെ തകര്‍ച്ച ടിസിഐഎല്ലിനെ ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ ഇടയില്‍ ആശയക്കുഴപ്പം വര്‍ധിക്കാന്‍ അത് കാരണമായിരുന്നു. 

ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് അടച്ചുപൂട്ടിയ തോമസ് കുക്കിനെ ചൈനയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ  ഫോസണ്‍ ഏറ്റെടുത്തു. യുകെ തോമസ് കുക്കിനെ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്സ സ്വന്തമാക്കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, പ്രേം വാട്സയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. നിലവില്‍ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് പ്രേം വാട്സയുടെ ഫെയര്‍ഫാക്സിന്‍റെ കീഴിലാണ്.

ടൂറിസം രംഗത്തെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രമുഖ വ്യവസായ ഏജന്‍സിയായ ഫോസണ്‍ തോമസ് കുക്കിനെ ഏറ്റെടുത്തത്. 1.1 കോടി പൗണ്ടിനാണ് ഏറ്റെടുക്കല്‍ സാധ്യമായത് (ഏകദേശം 100 കോടി രൂപ). ഇതോടെ തോമസ് കുക്കിന്‍റെ ട്രേഡ് മാര്‍ക്കുകള്‍, ഡൊമെയിന്‍ നെയിമുകള്‍, സോഫ്റ്റ്‍വെയര്‍ ആപ്ലിക്കേഷനുകള്‍, ലൈസന്‍സുകള്‍, ഹോട്ടല്‍ ബ്രാന്‍ഡുകള്‍ എന്നിവ ഫോസണ്‍ ഗ്രൂപ്പിന്‍റെ കൈവശമായി. ഇതോടെ തോമസ് കുക്ക് വീണ്ടും വിനോദ സഞ്ചാര വ്യവസായത്തിലേക്ക് തിരിച്ചു വരുമെന്നുറപ്പായി.  

2012 ലാണ് തോമസ് കുക്ക് യുകെയില്‍ നിന്ന് വാട്സ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് (ടിസിഐഎല്‍) വാങ്ങിയത്. യുകെ തോമസ് കുക്കിന്‍റെ തകര്‍ച്ച ടിസിഐഎല്ലിനെ ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ ഇടയില്‍ ആശയക്കുഴപ്പം വര്‍ധിക്കാന്‍ അത് കാരണമായിരുന്നു. എന്നാല്‍, തോമസ് കുക്ക് ഫോസണ്‍ ഗ്രൂപ്പിന്‍റെ കൈവശമായതോടെ ഫെയര്‍ഫാക്സ് ടിസിഐഎല്ലിന് തങ്ങളുടെ ബ്രാന്‍ഡ് നാമം മാറ്റേണ്ടി വന്നേക്കും. 

 

click me!