2200 ഓളം ജീവനക്കാരെ പിരിച്ചുവിടും, ബിസിനസ് വിഭാ​ഗങ്ങൾ പകുതിയാക്കും: പ്രഖ്യാപനങ്ങളുമായി കൊക്കക്കോള കമ്പനി

Web Desk   | Asianet News
Published : Dec 19, 2020, 03:13 PM ISTUpdated : Dec 19, 2020, 03:21 PM IST
2200 ഓളം ജീവനക്കാരെ പിരിച്ചുവിടും, ബിസിനസ് വിഭാ​ഗങ്ങൾ പകുതിയാക്കും: പ്രഖ്യാപനങ്ങളുമായി കൊക്കക്കോള കമ്പനി

Synopsis

കോക്ക് അതിന്റെ ബിസിനസ് വിഭാഗങ്ങളെ 17 ൽ നിന്ന് ഒമ്പതായി കുറയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഗോളതലത്തില്‍ 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കൊക്കക്കോള കമ്പനി അറിയിച്ചു. പുതിയ പ്രഖ്യാപനത്തിലൂടെ കമ്പനിയിലെ ഏകദേശം 2,200 ഓളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബിസിനസ് യൂണിറ്റുകളിലും കമ്പനിയുടെ കീഴിലുളള ഉല്‍പ്പന്ന നിരയിലും നടപ്പാക്കാനിരക്കുന്ന വന്‍തോതിലുളള പുനസംഘടനയുടെ ഭാഗമായാണ് തീരുമാനം.

10,400 ഓളം പേർ ജോലി ചെയ്യുന്ന യുഎസിൽ പകുതിയോളം പിരിച്ചുവിടലുകൾ നടക്കുമെന്ന് അറ്റ്ലാന്റ ആസ്ഥാനമായുള്ള കമ്പനി വ്യാഴാഴ്ച അറിയിച്ചു. പല ഘട്ടങ്ങളിലായി ഇത് ഉണ്ടായേക്കുമെന്നാണ് സൂചന. 2019 അവസാനത്തോടെ കൊക്കക്കോള ലോകമെമ്പാടും 86,200 പേർക്ക് ജോലി നൽകിയിരുന്നു. 

കൊവിഡ് -19 ലോക്ക്ഡൗണുകൾ കാരണം സ്റ്റേഡിയങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വിൽപ്പന ഇടിഞ്ഞത് കോക്കിന്റെ ബിസിനസിനെ ബാധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ വരുമാനം 9 ശതമാനം ഇടിഞ്ഞ് 8.7 ബില്യൺ ഡോളറിലെത്തി. ഈ കനത്ത വരുമാന നഷ്ടത്തിൽ നിന്ന രക്ഷപെടാൻ നിരവധി പുതിയ ബിസിനസ് തന്ത്രങ്ങളാണ് കമ്പനി പദ്ധതിയിടുന്നത്.

ബിസിനസ് വിഭാ​ഗങ്ങൾ പകുതിയായി കുറയ്ക്കും

ധനകാര്യ മാന്ദ്യത്തെ തുടർന്ന് ഇതിനകം നടന്നുകൊണ്ടിരിക്കുന്ന പുന: സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താൻ കമ്പനിയെ നിർബന്ധിച്ചു. വളരുന്ന ബ്രാൻഡുകളായ മിനുട്ട് മെയിഡ്, ജ്യൂസുകൾ എന്നിവയിൽ നിക്ഷേപം നടത്താനും, ടോപ്പോ ചിക്കോ, ഹാർഡ് സെൽറ്റ്സർ, കൊക്കകോള എനർജി, ആഹ സ്പാർക്ലിങ് വാട്ടർ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകാനുമാണ് കമ്പനിയുടെ തീരുമാനം. 

കോക്ക് അതിന്റെ ബിസിനസ് വിഭാഗങ്ങളെ 17 ൽ നിന്ന് ഒമ്പതായി കുറയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഓഗസ്റ്റിൽ യുഎസിലെയും കാനഡയിലെയും നാലായിരത്തോളം ജീവനക്കാർക്ക് സ്വമേധയാ രാജിവയ്ക്കുന്നതിന് അവസരം നൽകുന്ന പാക്കേജുകൾ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എത്രപേർ ഇതുമായി സഹകരിച്ചു എന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. 

ജീവനക്കാരെ പിരിച്ചുവിടാതെ എതിരാളികൾ

ലോകമെമ്പാടുമുള്ള മറ്റ് യൂണിറ്റുകളെപ്പോലെ കോക്കിന്റെ നോർത്ത് അമേരിക്കയിലെ ബിസിനസ് യൂണിറ്റും പുന: സംഘടിപ്പിക്കും. വടക്കേ അമേരിക്കയിൽ ഇപ്പോഴുളള കമ്പനിയുടെ ഫൗണ്ടൻ-മെഷീൻ ബിസിനസ്സ്, ബോട്ടിൽ ആൻഡ് കാൻ ബിസിനസ്, മിനിറ്റ് മെയിഡ് എന്നിവയ്ക്കായുളള ടീമുകളെ ഏകീകരിക്കുമെന്നും കമ്പനി അറിയിച്ചു.

പിരിച്ചുവിടലുകൾ കോക്കിന്റെ ബോട്ടിലേഴ്സിനെ ബാധിക്കില്ല, ബോട്ടിലേഴ്സ് വിഭാ​ഗങ്ങൾ ഉൾപ്പെടെ, ലോകമെമ്പാടും 700,000 ൽ അധികം ആളുകൾ കമ്പനിയിൽ ജോലി ചെയ്യുന്നു. എതിരാളികളായ പെപ്സികോ, Keurig Dr Pepper എന്നിവ ഈ വർഷം വൻതോതിലുളള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടില്ല.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്