ഇനി കോര്‍പ്പറേറ്റുകള്‍ക്ക് പണം ചെലവാക്കാതെ ഒളിക്കാനാകില്ല; കള്ളന്മാരെ പിടിക്കാന്‍ പുതിയ സംവിധാനം വരുന്നു

By Web TeamFirst Published Dec 6, 2019, 12:33 PM IST
Highlights

ഇനി മുതൽ ഈ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ രജിസ്ട്രേഷൻ എടുക്കണം.

ദില്ലി: സാമൂഹ്യ സുരക്ഷിതത്വ ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഏജൻസികൾക്ക് തിരിച്ചറിയൽ നമ്പർ നൽകാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം തീരുമാനിച്ചു. വിവിധ കമ്പനികളുടെ സിഎസ്ആർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഏജൻസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണിത്.

ഇനി മുതൽ ഈ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ രജിസ്ട്രേഷൻ എടുക്കണം. അവർ ഏറ്റെടുക്കുന്ന സിഎസ്ആർ പ്രവർത്തനങ്ങൾ വിശദമായി കേന്ദ്രസർക്കാരിനെ അറിയിക്കണം. കൃത്യമായ ഇടവേളകളിൽ സിഎസ്ആർ പ്രവർത്തനത്തിന്റെ പുരോഗതി, പൊതുജനത്തിന് കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈനിൽ നൽകണം.

ഇതോടെ ഏജന്‍സികള്‍ സിഎസ്ആർ പണം ചിലവഴിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ഇനി പൊതുജനങ്ങൾക്ക് നേരിട്ടറിയാനാവും. ഈ പദ്ധതി കൂടുതൽ സുതാര്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. 500 കോടി ആസ്തിയോ, ആയിരം കോടി വിറ്റുവരവോ, അഞ്ച് കോടി ലാഭമോ ഉള്ള കമ്പനികൾ അവരുടെ മൂന്ന് വർഷത്തെ ലാഭത്തിന്റെ ശരാശരി രണ്ട് ശതമാനം സിഎസ്ആർ ഫണ്ടായി ചിലവഴിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിബന്ധന.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,624 കോടിയാണ് സിഎസ്ആർ ഫണ്ട് ചെലവഴിച്ചത്. അതിന് മുൻപത്തെ വർഷം 14330 കോടി ചിലവാക്കി. മഹാരാഷ്ട്രയാണ് സിഎസ്ആർ ഫണ്ട് ചെലവഴിക്കുന്നതിൽ മുന്നിൽ. 2,527 കോടിയാണ് 2018 സാമ്പത്തിക വർഷത്തിൽ ഇവിടെ ചെലവഴിച്ചത്. കർണ്ണാടകത്തിൽ 951 കോടിയും ഗുജറാത്തിൽ 769 കോടിയും തമിഴ്‌നാട്ടിൽ 619 കോടിയും ദില്ലിയിൽ 541 കോടിയും സിഎസ്ആര്‍ ഫണ്ട് ചെലവാക്കി.
 

click me!