മുപ്പതാണ്ടിന് ശേഷം ആദ്യമായി എമിറേറ്റ്സ് എയർലൈൻസിന് നഷ്ടം

By Web TeamFirst Published Nov 16, 2020, 12:52 PM IST
Highlights

എമിറേറ്റ്സിന്റെ വരുമാനം 75 ശതമാനം ഇടിഞ്ഞ് 3.2 ബില്യൺ ഡോളറിലേക്കെത്തി.

ദുബൈ: എമിറേറ്റ്സ് എയർലൈനിന് മുപ്പതാണ്ടിലേറെ കാലത്തിന് ശേഷം ആദ്യമായി നഷ്ടം സംഭവിച്ചു. കൊവിഡ് കാലത്തെ തിരിച്ചടിയാണ് കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. 3.4 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി കൂടിയായ എമിറേറ്റ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറ് മാസത്തെ കണക്കാണിത്. ആർക്കും ഭാവി പ്രവചിക്കാനാവില്ലെങ്കിലും കൊവിഡ് വാക്സിൻ ലഭ്യമായിക്കഴിഞ്ഞാൽ വലിയ ഉയർച്ച നേടാനാവുമെന്ന് വിശ്വസിക്കുന്നതായി കമ്പനിയുടെ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മഖ്ദൂം പറഞ്ഞു.

എമിറേറ്റ്സിന്റെ വരുമാനം 75 ശതമാനം ഇടിഞ്ഞ് 3.2 ബില്യൺ ഡോളറിലേക്കെത്തി. ആദ്യത്തെ ആറ് മാസം 15 ലക്ഷം യാത്രക്കാർ മാത്രമാണ് എയർലൈനിന്റെ സേവനം ഉപയോഗിച്ചത്. ഇതേ കാലത്ത് കഴിഞ്ഞ വർഷം ഉണ്ടായ ഉപഭോക്താക്കളെ എണ്ണത്തിൽ നിന്ന് 95 ശതമാനം ഇടിവുണ്ടായി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് 81334 ലേക്കെത്തിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
 

click me!