ഫോർഡ് തൊഴിലാളികൾക്ക് ആശ്വാസം: ചർച്ചകൾ പുരോ​ഗമിക്കുന്നു, ചെന്നൈയിലെ പ്ലാന്റ് പുതിയ കമ്പനി ഏറ്റെടുത്തേക്കും

By Web TeamFirst Published Sep 10, 2021, 10:44 PM IST
Highlights

കഴിഞ്ഞ വർഷം തന്നെ ചെന്നൈയിലെ പ്ലാന്റ് പ്രവർത്തനം നിർത്താൻ ഫോർഡ് ആലോചിച്ചിരുന്നു. 

ചെന്നൈ: കാർ നിർമ്മാണം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫോർഡിന്റെ ചെന്നൈ മരൈമലൈ നഗറിലെ പ്ലാന്റിൽ ഇന്ന് കണ്ടത് ശ്മശാന മൂകത. നാളെയെന്ത് എന്നറിയാതെ ജീവിതം അനിശ്ചിതത്വത്തിലായ പ്രതീതിയിലായിരുന്നു 2600 ലേറെ വരുന്ന തൊഴിലാളികൾ. എന്നാൽ ഇവർക്കെല്ലാം ആശ്വാസ വാക്കുകളുമായി തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനവും പിന്നാലെയെത്തി.

ഫോർഡിന്റെ പ്ലാന്റ് മറ്റൊരു വാഹന നിർമ്മാണ ഭീമനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഫോർഡും, പ്ലാന്റ് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ ഏതെങ്കിലും തമ്മിൽ ഒരു ധാരണയിലെത്തിയാൽ നടപടിക്രമങ്ങൾ അനായാസം
പൂർത്തിയാക്കാനുള്ള എല്ലാ സഹകരണവും തങ്ങൾ ഉറപ്പാക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ മുരുഗാനന്ദം പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം തന്നെ ചെന്നൈയിലെ പ്ലാന്റ് പ്രവർത്തനം നിർത്താൻ ഫോർഡ് ആലോചിച്ചിരുന്നു. ഒല, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി പ്ലാന്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു. ഇതേ കമ്പനികളോട് തന്നെയാണോ ഇപ്പോഴും ഫോർഡ് ചർച്ച നടത്തുന്നത് എന്ന് വ്യക്തമല്ല. ഫോർഡ് ചില കമ്പനികളുമായി പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സജീവ ചർച്ചകൾ നടത്തി വരുന്നതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.  

കമ്പനി ഇന്ത്യയിലെ പ്രവർത്തനം നിർത്തുമ്പോൾ നാലായിരത്തിലേറെ വരുന്ന തൊഴിലാളികളെയാണ് ഇത് ആദ്യം ബാധിക്കുക. പ്ലാന്റുകളിൽ ജോലി ചെയ്യുന്ന നാലായിരം പേർക്കും ഡീലർമാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 40000 പേർക്കും തൊഴിൽ നഷ്ടപ്പെടും.

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദ വാർഷികത്തിലാണ് ചെന്നൈയിലെ പ്ലാന്റ് കമ്പനി അടയ്ക്കുക. ഗുജറാത്തിലെ സനന്തിലെ പ്ലാന്റ് അടുത്ത സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദവാർഷികത്തിലും അടച്ചുപൂട്ടുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

350 ഏക്കറിലാണ് ചെന്നൈയിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷം വാഹനങ്ങളും 3.40 ലക്ഷം എഞ്ചിനുകളുമാണ് ഒരു വർഷം ഇവിടെ
ഉൽപ്പാദിപ്പിച്ചിരുന്നത്. ഫോർഡ് ഇക്കോസ്പോർട്ടും എന്റീവറുമായിരുന്നു ഇവിടുത്തെ പ്രധാന ഉൽപ്പന്നങ്ങൾ. ഒരു ബില്യൺ ഡോളർ കമ്പനി ഈ പ്ലാന്റിൽ നിക്ഷേപിച്ചിട്ടുണ്ട്. 37 രാജ്യങ്ങളിലേക്ക് വാഹനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നുമുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!