സ്വർണം എന്ന മൂല്യമുളള നിക്ഷേപം: സ്വർണത്തിന്റെ നേട്ടങ്ങൾ, സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

By Web TeamFirst Published May 14, 2021, 6:00 PM IST
Highlights

ഭൗതികമായി അല്ലാതെ ഡിജിറ്റൽ രൂപത്തിൽ സ്വർണം സൂക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. ഈ രീതികൾക്കെല്ലാം സ്വർണ വിലയുടെ മുന്നേറ്റത്തിൽ പങ്കാളിത്തമുണ്ട്. ഡിജിറ്റൽ രൂപത്തിൽ സ്വർണം കൈവശം സൂക്ഷിച്ചിരിക്കുന്നവർക്ക്, സ്വർണം മോഷ്ടിക്കപ്പെടുമെന്നോ പ്രോസസ്സിംഗിൽ സ്വർണം നഷ്ടപ്പെടുമെന്നോ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട.

നൂറ്റാണ്ടുകളായി ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ആകർഷണമുള്ള ഒന്നാണ് സ്വർണം. ആഭരണം എന്ന നിലയിലായാലും നിക്ഷേപം എന്ന നിലയിലായാലും അവഗണിക്കാനാവാത്ത അതുല്യമായ ആകർഷണവും, മൂല്യം നഷ്ടപ്പെടാത്ത ഒരേയൊരു സ്വത്താണിതെന്ന വിശ്വാസത്തിലും കുടുംബങ്ങൾ തലമുറകൾക്ക് വേണ്ടി സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്. ചരിത്രത്തിൽ ഖനനം ചെയ്ത എല്ലാ സ്വർണ്ണവും ഇപ്പോഴും ഏതെങ്കിലും രൂപത്തിൽ ലോകത്തെ ആരുടെയെങ്കിലും കൈവശമുണ്ടെന്നതാണ് സ്വർണത്തെ അദ്വിതീയമാക്കുന്നതെന്നും കണക്കാക്കപ്പെടുന്നു. 1.12 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള 24,000 ടൺ സ്വർണം ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഭൗതിക രൂപത്തിലാണ്.

സ്വർണം ആഭരണമായോ, കോയിനായോ ബാർ ആയോ കൈവശം വയ്ക്കുന്നതിൽ ചില വെല്ലുവിളികൾ ഉണ്ടെങ്കിൽ പോലും, സ്വകാര്യതയും, വൈകാരിക കാരണങ്ങളാലും മിക്ക കുടുംബങ്ങളും സ്വർണത്തെ ഭൗതിക അവസ്ഥയിൽ കൈവശം വയ്ക്കാൻ ആണ് കൂടുതലായും താത്പര്യപ്പെടുന്നത്. എന്നാൽ, ചില കുടുംബങ്ങൾ സ്വർണം ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്നു.

സ്വർണത്തിലെ നഷ്ടമെന്ന് കണക്കാക്കാവുന്നത് പണിക്കൂലിയിൽ ഉള്ള നഷ്ടമാണ്. നിങ്ങൾ സ്വർണം ആഭരണ രൂപത്തിൽ കൈവശം വയ്ക്കുമ്പോൾ, ഓരോ തവണയും നിങ്ങൾ സ്വർണ്ണത്തെ ബാറുകളാക്കി മാറ്റുകയോ അല്ലെങ്കിൽ ജ്വല്ലറികളിലേക്ക് തിരികെ മാറ്റുകയോ ചെയ്യുമ്പോൾ പണിക്കൂലിയിൽ വരുന്ന നഷ്ടവും ചെറിയ ഒരു ചാർജും ഈടാക്കുമ്പോൾ വരുന്ന നഷ്ടവും കണക്കിലെടുക്കുമ്പോൾ  കൈവശമുള്ള സ്വർണ്ണത്തിൻ്റെ ചെലവ് വർധിപ്പിക്കുന്നു.

സ്വർണം കൈവശം വയ്ക്കുന്നതിന് സർക്കാർ ഇപ്പോൾ  പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതൊരു കർശന നിയമമായി നടപ്പിലാക്കാൻ തുടങ്ങിയിട്ടില്ല... എന്നാൽ, ഏതൊരു കുടുംബവും ഈ പരിധിക്കപ്പുറത്ത് സ്വർണം കൈവശം വച്ചിരിക്കുന്നതായി അറിവ് ലഭിച്ചാൽ നികുതി അധികാരികൾക്ക് കൂടുതൽ അന്വേഷണങ്ങൾ നടത്തി നികുതി ചുമത്താവുന്നതാണ്.

ഭൗതികമായി അല്ലാതെ ഡിജിറ്റൽ രൂപത്തിൽ സ്വർണം സൂക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. ഈ രീതികൾക്കെല്ലാം സ്വർണ വിലയുടെ മുന്നേറ്റത്തിൽ പങ്കാളിത്തമുണ്ട്. ഡിജിറ്റൽ രൂപത്തിൽ സ്വർണം കൈവശം സൂക്ഷിച്ചിരിക്കുന്നവർക്ക്, സ്വർണം മോഷ്ടിക്കപ്പെടുമെന്നോ പ്രോസസ്സിംഗിൽ സ്വർണം നഷ്ടപ്പെടുമെന്നോ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട.

സ്വർണ ഇടിഎഫുകൾ

സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ (സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും. ഒരു ഇടിഎഫ് സാധാരണയായി ഒരു മ്യൂച്വൽ ഫണ്ട് പോലെയാണ്, അത് ക്ലോസ്ഡ് എൻഡ് അടച്ചിരിക്കുന്നു. വാങ്ങലും വിൽപ്പനയും വളരെ ലളിതവും സുതാര്യവുമാണ്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലെന്നപോലെ തന്നെ, സ്വർണ ഇടിഎഫുകളും തികച്ചും സുരക്ഷിതമാണ്, കാരണം അവ യഥാർത്ഥ  സ്വർണ്ണത്തിൻ്റെ ഡിജിറ്റലായുള്ള രൂപം മാത്രമാണ് അനുപാതികമായ സ്വർണ്ണം ഒരു കസ്റ്റോഡിയൻ ബാങ്കിൽ സംരക്ഷിക്കപ്പെടുന്നു.
 
 കമ്മോഡിറ്റി എക്സേഞ്ചിലെ ഫ്യൂച്ചർ ട്രേഡിംഗ്

നിങ്ങൾക്ക് ഒരു ട്രേഡിംഗ് അക്കൗണ്ട് സജീവമായുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലൂടെ സ്വർണ ഫ്യൂച്ചർ കോൺട്രാക്ടുകൾ കുറഞ്ഞ മാർജിൻ അടച്ച് വാങ്ങാൻ സാധിക്കും. ഫ്യൂച്ചർ മാർക്കറ്റ് നിക്ഷേപം നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ വളരെ ശ്രദ്ധിച്ചു ചെയ്യണ്ട ഒന്നാണ്. അടിസ്ഥാനപരമായി ചെറിയ മാർജിനിൽ സ്വർണം വാങ്ങി സൂക്ഷിക്കുകയും വില വ്യതിയാനത്തിൽ ലാഭം ഉണ്ടാക്കാമെങ്കിലും അതിനനുപാതികമായി അപകട സാധ്യതകളും ഉണ്ട്. മാർക്കറ്റിൻ്റെ ചലനങ്ങൾക്കനുസരിച്ച് അഡിഷണൽ മാർജിനും, മാർക്കറ്റ് ടു മാർക്കറ്റ് ലോസും അടക്കേണ്ടതായി വരും.

 ആർ‌ബി‌ഐ സ്വർണ ബോണ്ടുകൾ

ഇത് ഒരു ജനപ്രിയ നിക്ഷേപ രീതിയായി മാറുകയാണ്. റിസർവ് ബാങ്ക് സ്വർണ ബോണ്ടുകൾക്ക് പൂർണമായും ഇന്ത്യൻ സർക്കാർ ഗ്യാരൻറി നൽകുന്നു. കാലാവധി കഴിയുമ്പോൾ, ഈ സ്വർണ ബോണ്ടുകൾ എളുപ്പത്തിൽ പണമാക്കി മാറ്റാം. സാധാരണഗതിയിൽ, ഈ സ്വർണ ബോണ്ടുകൾ ഇഷ്യു ചെയ്ത് ആറ് മാസത്തിനുശേഷമാണ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യപ്പെടുന്നത്. 5-6 മാസത്തെ ഇടവേളകളിൽ റിസർവ് ബാങ്ക് പതിവായി പുതിയ ബോണ്ടുകൾ ഇഷ്യു ചെയ്യുന്നു. ഈ സ്വർണ ബോണ്ടുകൾ സ്വർണ സർട്ടിഫിക്കറ്റുകളുടെ രൂപത്തിൽ ഡീമാറ്റ് അക്കൗണ്ടിലും സൂക്ഷിക്കാം. ഈ സ്വർണ ബോണ്ടുകളുടെ ഏറ്റവും വലിയ ആകർഷണം 2.5 ശതമാനം നിരക്കിൽ പലിശയും ലഭിക്കുന്നു എന്നതാണ്, ഇത് സ്വർണ വില വ്യതിയാനത്തിന് പുറമെ ഒരു അധിക നേട്ടമാണ്. നികുതി ഇളവും ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കും.

 എം‌എം‌ടി‌സി -പാം‌പിന്റെ സ്വർണ്ണ  നിക്ഷേപ പദ്ധതി

അടുത്തിടെ ആരംഭിച്ച ഒരു നിക്ഷേപ സ്കീമാണിത്, 1,000 രൂപയോ അതിൻ്റെ ഗുണിതങ്ങളായോ വരെ തൂക്കത്തിൽ സ്വർണം വാങ്ങാൻ കഴിയും. ചിട്ടയായ രീതിയിൽ സ്വർണം ശേഖരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച പദ്ധതിയാണ്. 999.9 പരിശുദ്ധി ഉള്ള 24 കാരറ്റ് സ്വർണമായിരിക്കും ഇഷ്യു ചെയ്യുന്നത്. എല്ലാ സ്വർണ യൂണിറ്റുകളും ഡിജിറ്റൽ രൂപത്തിലാണ് കൈവശം വച്ചിരിക്കുന്നത്, അത് പണമായോ യഥാർത്ഥ സ്വർണ ബാറുകളിലോ വീണ്ടെടുക്കാം. ഇഷ്യു ചെയ്യുന്ന എല്ലാ സ്വർണത്തിനും അനുപാതികമായി ഭൗതിക സ്വർണം, എം‌എം‌ടി‌സി പ്രത്യേക വാൾട്ടുകളിൽ സൂക്ഷിക്കപ്പെടുകയും ഇൻഷ്വർ ചെയ്യുകയും ചെയ്യുന്നു. വളരെ കുറഞ്ഞ അളവിൽ വരെ സ്വർണം വാങ്ങാൻ സാധിക്കുമെന്നതും നിങ്ങളുടെ പേടിഎം അക്കൗണ്ടിലൂടെ വരെ പേയ്മെന്റ് നടത്താം എന്നതും ഒരു ആകർഷണം തന്നെയാണ്.

തീർച്ചയായും, പലവിധ  കാരണങ്ങളാൽ  ഭൗതിക സ്വർണ്ണത്തിന് ആവശ്യക്കാർ തുടരും. എന്നിരുന്നാലും, വിവേകമുള്ള ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഡിജിറ്റലായും ലാഭകരമായി സ്വർണ്ണത്തിൽ നിക്ഷേപം നടത്താം.

-ലേഖകനായ അഡ്വ എസ് അബ്ദുൽ നാസർ, ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമാണ്-

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!