
ദില്ലി: ഒരു മിനുട്ടിൽ 5000 മോശം പരസ്യങ്ങളെന്ന കണക്കിൽ 2019 ൽ 2.7 ബില്യൺ പരസ്യങ്ങൾ ഗൂഗിൾ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം അഡ്വൈർടൈസർ അക്കൗണ്ടുകളും സസ്പെന്റ് ചെയ്തു. പരസ്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ നയങ്ങൾ പാലിച്ചില്ലെന്നതാണ് കാരണം.
ആഗോള തലത്തിൽ കൊവിഡ് 19 ന്റെ ഭാഗമായി വ്യാജ ഫേസ് മാസ്ക് പരസ്യങ്ങൾ നിരവധിയാണെന്ന് ഗൂഗിൾ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ കണ്ടെത്താനായി ലോകത്താകമാനം പ്രവർത്തിക്കുന്നതെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ അറിയിച്ചു.
ഗൂഗിളിന്റെ പ്രൊഡക്ട് മാനേജ്മെന്റ് ആഡ്സ് പ്രൈവസി ആന്റ് സേഫ്റ്റി വിഭാഗം വൈസ് പ്രസിഡന്റ് സ്കോട് സ്പെൻസറിന്റേതാണ് ബ്ലോഗ് പോസ്റ്റ്. 2019 ൽ 21 ദശലക്ഷം വെബ് പേജുകളിൽ നിന്ന് പരസ്യം പിൻവലിച്ചതായും ഇതിൽ വ്യക്തമാക്കി. ഗൂഗിളിൽ ലഭ്യമാകുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ പരസ്യങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി.