ഇനി ഇന്ത്യയിൽ സൈനിക വിമാനങ്ങൾ നിർമിക്കും; ​ഗുജറാത്തിൽ വമ്പൻ പദ്ധതി

By Web TeamFirst Published Oct 27, 2022, 9:56 PM IST
Highlights

മേക്ക്-ഇൻ-ഇന്ത്യ കാമ്പെയ്‌നിന്റെ പ്രധാന നേട്ടമായാണ് ടാറ്റ-എയർബസ് പദ്ധതിയെ കേന്ദ്ര സർക്കാർ കാണുന്നത്. എയർബസിൽ നിന്ന് 56 ​ഗതാ​ഗത വിമാനങ്ങൾ വാങ്ങാൻ കേന്ദ്രം കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.

ദില്ലി: ​ഗുജറാത്തിൽ വൻ പദ്ധതിയുമായി ടാറ്റയും എയർബസും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് സൈന്യത്തിന് ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. 22,000 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും പദ്ധതിയുടെ ആകെ ചെലവ് 21,935 കോടിയാണെന്നും വിമാനം സിവിലിയൻ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ  പറഞ്ഞു. നിർമാണ പ്ലാന്റ് ഞായറാഴ്ച വഡോദരയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ പദ്ധതി. തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മേക്ക്-ഇൻ-ഇന്ത്യ കാമ്പെയ്‌നിന്റെ പ്രധാന നേട്ടമായാണ് ടാറ്റ-എയർബസ് പദ്ധതിയെ കേന്ദ്ര സർക്കാർ കാണുന്നത്. എയർബസിൽ നിന്ന് 56 ​ഗതാ​ഗത വിമാനങ്ങൾ വാങ്ങാൻ കേന്ദ്രം കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. കരാറിന്റെ ഭാഗമായി 16 വിമാനങ്ങൾ പൂർണ സജ്ജമാക്കി നൽകുമെന്നും  40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

16 വിമാനങ്ങൾ 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനും ഇടയിൽ ലഭിക്കും. രാജ്യത്ത് നിർമിക്കുന്ന ആദ്യത്തെ വിമാനം 2026 സെപ്റ്റംബറിൽ പുറത്തിറങ്ങും. പുതിയ C-295 ട്രാൻസ്പോർട്ട് വിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സിന്റെ ആവ്റോ വിമാനത്തിന് പകരമായിരിക്കും ഉപയോ​ഗിക്കുക. 

വേദാന്ത ലിമിറ്റഡിന്റെയും തായ്‌വാനിലെ ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമായ ചിപ്പുകൾ നിർമ്മിക്കുന്ന 19.5 ബില്യൺ ഡോളറിന്റെ പദ്ധതി  നിക്ഷേപം മഹാരാഷ്ട്രയെ മറികടന്ന് ​ഗുജറാത്ത് നേടിയെടുത്തതിന് പിന്നാലെയാണ് മറ്റൊരു വമ്പൻ പദ്ധതിയും ​ഗുജറാത്തിന് ലഭിക്കുന്നത്. അഹമ്മദാബാദിനടുത്താണ് പ്ലാന്റുകൾ സ്ഥാപിക്കുക. പദ്ധതി ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാ​ഗ്ദാനം. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യത്തിന് സർക്കാർ സബ്സിഡി നൽകും. 

'കറന്‍സി നോട്ടില്‍ മോദിയും സവര്‍ക്കറും വേണം'; അവരുടെ ചിത്രം പ്രചോദിപ്പിക്കുമെന്ന് ബിജെപി നേതാവ്

click me!