1888 ൽ കൊൽക്കത്തയിൽ വന്നിറങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത് സോപ്പ് കട്ടകൾ, 'മേഡ് ഇൻ ഇംഗ്ലണ്ട് ബൈ ലിവർ ബ്രദേഴ്സ്; എച്ച് യൂ എല്ലിന്റെ വിജയ ഗാഥ

Published : Jun 24, 2026, 11:31 AM IST
Washing Bar soap

Synopsis

ബ്രിട്ടീഷ്-ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യൻ ഉപകമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL). ഇന്ത്യയിലെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) വിപണിയുടെ സിംഹഭാഗവും കയ്യാളുന്ന ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മിക്ക ഇന്ത്യൻ വീടുകളിലെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. 

രാവിലെ എഴുന്നേറ്റ് പല്ല് തേക്കാൻ എടുക്കുന്ന പേസ്റ്റ് മുതൽ രാത്രി കിടക്കാൻ നേരം ചുണ്ടിൽ പുരട്ടുന്ന വാസ്ലിൻ വരെ ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കാം... മിക്കവരുടെയും വീട്ടിലെ ബാത്റൂമിലും അടുക്കളയിലും ഉള്ള പകുതിയിലധികം സാധനങ്ങളും ഒരൊറ്റ കമ്പനിയുടേതായിരിക്കും. 'ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്' അഥവാ എച്ച്.യു.എൽ (HUL) ന്റേത്. ഇന്ത്യൻ കമ്പനിയെന്ന് പേരിലുണ്ടെങ്കിലും ശരിക്കും ഇത് ബ്രിട്ടീഷ്- ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവറിന്റെ' (Unilever) ഇന്ത്യൻ ഉപകമ്പനിയാണ്. ഇന്ത്യയിലെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) മാർക്കറ്റിന്റെ സിംഹഭാഗവും അടക്കിവാഴുന്നത് ഈ ഭീമൻ കമ്പനിയാണ്. എന്നാൽ യുണീലിവറിന്റെ ഇന്ത്യയിലുള്ള വള‍‌ർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്.

കപ്പൽ കയറി വന്ന 'സൺലൈറ്റ്'

1888-ൽ കൊൽക്കത്ത തുറമുഖത്ത് വന്നിറങ്ങിയ ചില പെട്ടികളിൽ നിന്നാണ് ഈ കഥയുടെ തുടക്കം. 'മേഡ് ഇൻ ഇംഗ്ലണ്ട് ബൈ ലിവർ ബ്രദേഴ്സ്' എന്ന് രേഖപ്പെടുത്തിയ 'സൺലൈറ്റ്' (Sunlight) സോപ്പുകളായിരുന്നു ആ പെട്ടികളിൽ. ഇന്ത്യക്കാർക്ക് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ലിവർ ബ്രദേഴ്സ് ഇവിടെ കാലുറപ്പിച്ചത്.

പിന്നീട് 1895-ൽ ലൈഫ്ബോയും, തൊട്ടുപിന്നാലെ ലക്സും, പിയേഴ്സും ഇന്ത്യൻ വിപണിയിലെത്തി. 1931-ൽ കമ്പനി ഇന്ത്യയിൽ തങ്ങളുടെ ആദ്യ സബ്സിഡിയറി ആരംഭിച്ചു. 1956-ൽ വിവിധ അനുബന്ധ കമ്പനികളെ ലയിപ്പിച്ചുകൊണ്ട് 'ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ്' രൂപീകരിച്ചു. പിന്നീട് 2007-ലാണ് ഇത് ഇന്നത്തെ 'ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്' (HUL) ആയി മാറുന്നത്.

വിപണിയിലെ കുത്തക

നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല പ്രമുഖ ബ്രാൻഡുകളും പരസ്പരം മത്സരിക്കുന്നവയാണെന്ന് തോന്നാമെങ്കിലും കാശ് ഒടുവിൽ പോകുന്നത് എച്ച്.യു.എല്ലിന്റെ പോക്കറ്റിലേക്കാണ്. കമ്പനിയുടെ പ്രധാന ബ്രാൻഡുകൾ നോക്കാം. നമ്മുടെ വ്യക്തിശുചിത്വ പരിപാലന രംഗത്ത് HUL-ന് പകരക്കാരില്ലെന്ന് തന്നെ പറയാം.

പേഴ്സണൽ കെയറും ആരോഗ്യവും 

ടൂത്ത്പേസ്റ്റുകൾ: പരസ്പരം മത്സരിക്കുന്ന ക്ലോസ് അപ്പ് (Closeup), പെപ്സോഡന്റ് (Pepsodent) എന്നിവ എച്ച് യു എല്ലിന്റെ തന്നെ രണ്ട് ബ്രാന്റുകളാണ്.

സോപ്പുകൾ: സാധാരണക്കാരുടെ ലൈഫ്ബോയ് (Lifebuoy), സുഗന്ധ സോപ്പായ ലക്സ് (Lux), ഹമാം (Hamam), പ്രീമിയം ബ്രാൻഡുകളായ ഡവ് (Dove), പിയേഴ്സ് (Pears) എന്നിവയെല്ലാം ഇവരുടേതാണ്.

ഹെയർ കെയർ: ക്ലിനിക് പ്ലസ് (Clinic Plus), സൺസിൽക്ക് (Sunsilk) ഷാംപൂകൾ വഴി ഇന്ത്യയിലെ പകുതിയിലധികം വീടുകളിലെയും മുടിയുടെ സംരക്ഷണം ഇവരുടെ കൈകളിലാണ്.

 ഡിറ്റ‍ർജന്റ്

ഡിറ്റർജന്റുകൾ: പ്രീമിയം നിലവാരമുള്ള സർഫ് എക്സൽ (Surf Excel), ഇടത്തരക്കാർക്കായുള്ള റിൻ (Rin), കുറഞ്ഞ വിലയ്ക്കുള്ള വീൽ (Wheel) എന്നിവയിലൂടെ എല്ലാ തട്ടുകളിലുമുള്ള ഉപഭോക്താക്കളെയും കമ്പനി കയ്യിലെടുക്കുന്നു.

അടുക്കളയിലെ രുചിക്കൂട്ടുകൾ 

അടുക്കളയിലെ ചായക്കപ്പ് മുതൽ കുട്ടികളുടെ ഹെൽത്ത് ഡ്രിങ്ക് വരെ HUL ന്റെ ബ്രാന്റുകളാണ്.

ചായയും കാപ്പിയും: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ചായ ബ്രാൻഡുകളായ ബ്രൂക്ക് ബോണ്ട് (റെഡ് ലേബൽ, താജ് മഹൽ, ടാസ), ലിപ്റ്റൻ ഗ്രീൻ ടീ, ഒപ്പം പ്രമുഖ കോഫി ബ്രാൻഡായ ബ്രൂ എന്നിവ എടുത്തുപറയേണ്ടവയാണ്.

ഭക്ഷണസാധനങ്ങൾ: കുട്ടികളുടെ പ്രിയപ്പെട്ട കിസാൻ ജാം, സോസ് എന്നിവ എച്ച്യുഎല്ലിന്റേതാണ്.

ഹെൽത്ത് ഡ്രിങ്ക്സ്: അടുത്ത കാലത്ത് ഗ്ലാക്സോ സ്മിത്ക്ലൈൻ (GSK) കമ്പനിയിൽ നിന്നും എച്ച്.യു.എൽ സ്വന്തമാക്കിയ ഹോർലിക്സ്, ബൂസ്റ്റ് എന്നിവ വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കൾ 

ചർമ്മ സംരക്ഷണത്തിനായി വാസ്ലിൻ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡായ ലാക്മെ (Lakme) എന്നിവയും HUL-ന്റെ വജ്രായുധങ്ങളാണ്. ടാറ്റയിൽ നിന്നുമാണ് ലാക്മെ പൂർണമായി എച്ച്.യു.എൽ വാങ്ങിയത്.

എച്ച് യു എല്ലിന്റെ വിജയരഹസ്യം

വിപണിയിലെ സാന്നിധ്യം: ഇന്ത്യയിലെ 10-ൽ 9 വീടുകളിലും ദിവസവും എച്ച്.യു.എല്ലിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

എല്ലാ വിഭാഗക്കാർക്കും ഉൽപ്പന്നങ്ങൾ: പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ബഡ്ജറ്റിന് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾ ഇവരുടെ പോർട്ട്ഫോളിയോയിലുണ്ട്. (ഉദാഹരണത്തിന്: 1 രൂപയുടെ ക്ലിനിക് പ്ലസ് സാഷെ മുതൽ 300 രൂപയുടെ ഡവ് ഷാംപൂ വരെ).

ശക്തമായ വിതരണ ശൃംഖല (Distribution Network): ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ചെറിയ പെട്ടിക്കടകളിൽ പോലും തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന അതിശക്തമായ വിതരണ ശൃംഖലയാണ് കമ്പനിയുടെ ഏറ്റവും വലിയ കരുത്ത്.

ചുരുക്കത്തിൽ, നമ്മൾ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ജീവിതചര്യകളെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളിലൂടെ സ്വാധീനിക്കാൻ കഴിഞ്ഞു എന്നതാണ് ഹിന്ദുസ്ഥാൻ യൂണിലിവറിനെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് വിജയഗാഥകളിൽ ഒന്നാക്കി മാറ്റുന്നത്.

PREV
Read more Articles on
click me!

Recommended Stories

നോയൽ ടാറ്റയുടെ വാദങ്ങൾ തളളി, എൻ ചന്ദ്രശേഖരന്റെ പുനർനിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ്
ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു; എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്