മുകേഷ് അംബാനിയുടെ ജിയോ ഒന്നാം സ്ഥാനത്ത്, വോഡഫോൺ ഐഡിയയെയും എയർടെല്ലിനെയും മുട്ടുകുത്തിച്ചു !

By Web TeamFirst Published Jan 17, 2020, 3:14 PM IST
Highlights

ജിയോയുടെ വരവിനെ തുടർന്ന് അര ഡസൻ കമ്പനികൾ അടച്ചുപൂട്ടുകയോ വലിയ കമ്പനികൾ ഏറ്റെടുക്കുകയോ ചെയ്തു.

ദില്ലി: റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഇപ്പോൾ വരിക്കാരുടെ എണ്ണവും വിപണി വിഹിതവും അനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം സേവനദാതാവായി മാറി. 

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നവംബറിൽ 5.6 ദശലക്ഷം മൊബൈൽ വരിക്കാരെ ചേർത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 369.93 ദശലക്ഷമാക്കി ഉയർത്തി. ഇതോടെ വരിക്കാരുടെ അടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡിന് പകരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായി ജിയോ മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇതോടെ 1.15 ബില്യൺ ഉപയോക്താക്കളുളള ഇന്ത്യൻ മൊബൈൽ സേവന വിപണിയുടെ 32.04 ശതമാനം ഓഹരി ജിയോയ്ക്ക് ലഭിച്ചു. ഒക്ടോബർ അവസാനം 30.79% വിപണി വിഹിതമുണ്ടായിരുന്നു. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ജിയോയുടെ ഉപയോക്തൃ അടിത്തറയിൽ പൂർണ്ണമായും 4 ജി സബ്‌സ്‌ക്രൈബർമാരാണ് ഉൾപ്പെടുന്നത്. 

ഏപ്രിൽ- ജൂൺ കാലയളവിൽ വ്യവസായം രേഖപ്പെടുത്തിയ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആർ) 31.7 ശതമാനം ഓഹരി നേടിയതോടെ കമ്പനി കഴിഞ്ഞ വർഷം വരുമാനത്തെ അടിസ്ഥാനമാക്കിയുളള വിപണി വി​ഹിതത്തിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

കുറഞ്ഞ ഡാറ്റാ പ്ലാനുകളും ഹാൻഡ്‌സെറ്റുകളുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം 2016 സെപ്റ്റംബറിലാണ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്, ഇത് മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ അഭൂതപൂർവമായ വർദ്ധനവിന് കാരണമായി, ശരാശരി ഉപയോക്താവ് പ്രതിമാസം 11 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് വരെ ജിയോയുടെ വിപണി പ്രവേശനം കാരണമായി.

ജിയോയുടെ വരവിനെ തുടർന്ന് അര ഡസൻ കമ്പനികൾ അടച്ചുപൂട്ടുകയോ വലിയ കമ്പനികൾ ഏറ്റെടുക്കുകയോ ചെയ്തു. റിലയൻസ് കമ്മ്യൂണിക്കേഷൻസും എയർസെലും പാപ്പരത്തത്തിനായി അപേക്ഷ നൽകിയപ്പോൾ എയർടെൽ ടെലിനോർ ഇന്ത്യയും ടാറ്റയുടെ ഉപഭോക്തൃ മൊബിലിറ്റി ബിസിനസും സ്വന്തമാക്കി.

നിലവിൽ ആഭ്യന്തര ടെലികോം വിപണി ഇപ്പോൾ ഭാരതി എയർടെൽ ലിമിറ്റഡ്, വോഡഫോൺ ഐഡിയ, ജിയോ എന്നിവ തമ്മിലുള്ള ത്രികക്ഷി പോരാട്ടമായി മാറിയിരിക്കുന്നു.

click me!