39 മല്‍സര ഇനങ്ങള്‍, 257 മത്സരാര്‍ത്ഥികള്‍: കോഴിക്കോട് നൈപുണ്യോല്‍സവത്തിന് ഒരുങ്ങുന്നു

By Web TeamFirst Published Feb 19, 2020, 12:53 PM IST
Highlights

ഓരോ ഇനത്തിനും ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,0000 രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നൈപുണ്യോല്‍സവമായ 'ഇന്ത്യ സ്കില്‍സ് കേരള' ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങും. വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും ചേര്‍ന്നൊരുക്കുന്ന മേളയില്‍ 39 ഇനങ്ങളിലായി 257 പേര്‍ പങ്കെടുക്കും.

വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യം വികസിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൈപുണ്യോല്‍സവം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ ടെെക്നോളജി, ഫാഷന്‍ ടെക്നോളജി, ജ്വല്ലറി, പെയ്ന്‍റിംഗ് ആന്‍ഡ് ഡെക്കറേറ്റിംഗ് തുടങ്ങി 39 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. ജില്ലാ മേഖല തല മല്‍സരങ്ങളില്‍ വിജയിച്ച 257 പേരാണ് സംസ്ഥാന നൈപുണ്യോല്‍സവത്തിലേക്ക് യോഗ്യത നേടിയിട്ടുളളത്. 

ഓരോ ഇനത്തിനും ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,0000 രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും. വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നു.

മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് തൊഴിലവസരവുമായി വിവിധ കമ്പനികളും ഈ വര്‍ഷത്തെ മേളയിലെത്തുന്നുണ്ട്. കോഴിക്കോട് സരോവരം പാര്‍ക്കിലെ സ്വപ്നനഗരിയിലാണ് നൈപുണ്യോല്‍സവം ഒരുക്കുന്നത്. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. 

click me!