കൊറോണക്കാലത്ത് സ്റ്റാർട്ടപ്പുകൾക്കായി സിം​ഗിൾ വിൻഡോ പ്ലാറ്റ്ഫോമുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

By Web TeamFirst Published Apr 17, 2020, 10:50 AM IST
Highlights

പദ്ധതികളുടെ സമഗ്രവിവരങ്ങള്‍ കെഎസ്‍യുഎം ശേഖരിച്ച് ഒറ്റപേജിലാക്കി വെബ് പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യും. 

തിരുവനന്തപുരം: കൊവിഡ് 19 വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതിസന്ധികള്‍ മറികടക്കുന്നതിനായി ആഗോള ഫണ്ടിംഗ് പദ്ധതികളുള്‍പ്പെടെയുള്ള  വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആരംഭിച്ചു.

പദ്ധതികളുടെ സമഗ്രവിവരങ്ങള്‍ കെഎസ്‍യുഎം ശേഖരിച്ച് ഒറ്റപേജിലാക്കി വെബ് പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യും. ധനസമാഹരണ പദ്ധതികളും കൊവിഡ് 19 മായി ബന്ധപ്പെട്ട ചാലഞ്ചുകളും ഇതില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ചാലഞ്ചുകളില്‍ പങ്കെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

വീട്ടിലിരുന്ന് ജോലിചെയ്യുമ്പോഴും സ്റ്റാര്‍ട്ടപ്പുകളെ കാര്യക്ഷമമായി സഹായിക്കുന്നതരത്തില്‍ എല്ലാ ടൂളുകളേയും കെഎസ്‍യുഎം ഈ പോര്‍ട്ടലില്‍ ഒരുമിപ്പിച്ചിട്ടുണ്ട്. പ്രമുഖ വന്‍കിട സ്ഥാപനങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗ്, വര്‍ക്ക് മാനേജ്‍മെന്‍റ് ടൂള്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ടൂളുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇവ ഒറ്റ വെബ് പേജില്‍ ലഭിക്കുന്നതിനാല്‍  കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് ഇത് ഉപയുക്തമാകും. കോവിഡ് 19 നെക്കുറിച്ചുള്ള സുപ്രധാന പുതിയ വിവരങ്ങളും ഈ വെബ് പേജിലുണ്ട്.  

ഈ പ്രതിസന്ധിഘട്ടത്തിലെ തങ്ങളുടെ പരാതികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റേറ്റ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാം. അതാത് വകുപ്പുകള്‍ അവ പരിഹരിക്കും. വിശദവിവരങ്ങള്‍ക്ക് https://singlewindow.startupmission.in/ എന്ന വെബ് സൈറ്റ്  സന്ദര്‍ശിക്കുക.

click me!