പണി പാളി! ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസ് ബന്ധം ചോദ്യം ചെയ്ത് ആമസോൺ രംഗത്ത്

By Web TeamFirst Published Oct 8, 2020, 9:13 PM IST
Highlights

ആഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ മുഴുവൻ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസുകൾ ഏറ്റെടുക്കുന്നതായി റിലയൻസ് പ്രഖ്യാപിച്ചത്. 

ദില്ലി: ഓഹരികൾ റിലയൻസിന് വിറ്റ ഫ്യൂച്ചർ ഗ്രൂപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ നിയമ പോരാട്ടത്തിന്. തങ്ങളുടെ അറിവില്ലാതെ ഫ്യൂച്ചർ ഗ്രൂപ്പിന്  ഈ ഇടപാട് നടത്താനാവില്ലെന്നാണ് ആമസോണിന്റെ വാദം. ഫ്യൂച്ചർ ഗ്രൂപ്പ് ഇതിനെന്ത് മറുപടി നൽകുമെന്നും തർക്കം കോടതി കയറുമോയെന്നും ഇനി കാത്തിരുന്ന് കാണാം.

ഫ്യൂച്ചർ ഗ്രൂപ്പിനെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമാണ് ആമസോണിന്റെ നോട്ടീസ്. ഫ്യൂച്ചർ ഗ്രൂപ്പ് ബിസിനസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിയാനി ആദ്യം സമീപിച്ചത് ആമസോണിനെയായിരുന്നുവെന്നും എന്നാൽ, ആമസോൺ ഇതിൽ വിമുഖത അറിയിച്ചതോടെയാണ് കമ്പനി റിലയൻസിനെ ബന്ധപ്പെട്ടതെന്നുമാണ് ഫ്യൂച്ചർ ഗ്രൂപ്പ് വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ മുഴുവൻ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസുകൾ ഏറ്റെടുക്കുന്നതായി റിലയൻസ് പ്രഖ്യാപിച്ചത്. 24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റിൽ നടന്ന ഇടപാടിന്റെ പേരിൽ ആമസോൺ സെപ്തംബറും പിന്നിട്ട് ഒക്ടോബറിൽ നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പിന് മനസിലാകാത്തത്.

ഡിസംബർ 2019 ൽ ആമസോൺ കമ്പനി ഫ്യൂച്ചർ കൂപ്പൺസ് ലിമിറ്റഡ് എന്ന പ്രൊമോട്ടർ കമ്പനിയുടെ ഓഹരികൾ വാങ്ങിയിരുന്നു. 1430 കോടി രൂപയ്ക്കായിരുന്നു 49 ശതമാനം ഓഹരി വാങ്ങിയത്. ഫ്യൂചർ ഗ്രൂപ്പ്-റിലയൻസ് ബന്ധം ഉടലെടുത്തതോടെ ആമസോണിന് 193 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതേക്കുറിച്ച് അമേരിക്കയിലെ ഓഹരി ഉടമകൾ ചോദിക്കുമെന്നതിനാലാണ് ഇപ്പോൾ ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ആമസോൺ കേസുമായി മുന്നോട്ട് പോകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.


 

click me!