മാരുതി സുസുക്കി ഉൽപാദനം വെട്ടിക്കുറച്ചു; രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ മാർച്ചിലെ കണക്കുകൾ ഇങ്ങനെ

By Web TeamFirst Published Apr 8, 2020, 2:23 PM IST
Highlights

മാർച്ചിൽ കമ്പനി മൊത്തം 92,540 യൂണിറ്റുകൾ ഉൽപാദിപ്പിച്ചു.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ മാർച്ചിൽ ഉൽപാദനം 32.05 ശതമാനം കുറച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ വക്തമാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. 

മാർച്ചിൽ കമ്പനി മൊത്തം 92,540 യൂണിറ്റുകൾ ഉൽപാദിപ്പിച്ചു. മുൻ വർഷം ഇത് 136,201 യൂണിറ്റായിരുന്നു.

യാത്ര വാഹന ഉൽപാദനം ഈ വർഷം മാർച്ചിൽ 91,602 യൂണിറ്റായിരുന്നു. 2019 മാർച്ചിൽ ഇത് 135,236 യൂണിറ്റായിരുന്നു. 32.26 ശതമാനത്തിന്റെ ഇടിവ്. ആൾട്ടോ, എസ് -പ്രസ്സോ, വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള മിനി, കോംപാക്റ്റ് സെഗ്മെന്റ് കാറുകളുടെ ഉൽപാദനം 67,708 യൂണിറ്റായി. കഴിഞ്ഞ മാർച്ചിൽ ഇത് 98,602 യൂണിറ്റായിരുന്നു. 31.33 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്. 

വിറ്റാര ബ്രെസ്സ, എർട്ടിഗ, എസ്-ക്രോസ് തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനം 14.19 ശതമാനം കുറഞ്ഞ് 15,203 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 17,719 യൂണിറ്റായിരുന്നു.

മിഡ് -സൈസ് സെഡാൻ സിയാസിന്റെ ഉൽപാദനം മാർച്ചിൽ 2,146 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,205 യൂണിറ്റായിരുന്നു.

ലൈറ്റ് കൊമേഴ്‌സ്യൽ വാഹനമായ സൂപ്പർ കാരിയുടെ ഉൽപാദനം 2019 മാർച്ചിലെ 965 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 938 യൂണിറ്റായി കുറഞ്ഞു. ഫെബ്രുവരിയിൽ വാഹന നിർമാതാക്കൾ ഉൽപാദനം 5.38 ശതമാനം കുറച്ചുകൊണ്ട് മൊത്ത ഉൽപാദനം 1,40,933 യൂണിറ്റാക്കിയിരുന്നു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!