മാരുതി സുസുക്കിയുടെ ഉൽപ്പാദനത്തിൽ ഇടിവ്: കമ്പനിയുടെ റെ​ഗുലേറ്ററി ഫയലിം​ഗ് റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Aug 9, 2020, 6:56 PM IST
Highlights

മാരുതി സുസുക്കി ഇന്ത്യ ജൂലൈയിൽ ആഭ്യന്തര വിപണിയിൽ മൊത്തം 1,00,000 പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ വിറ്റു. 

മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ മാസം പാസഞ്ചർ വാഹനങ്ങളുടെ ഉൽപാദനത്തിൽ 19.30 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ജൂലൈയിൽ 1,05,345 പാസഞ്ചർ വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചതായി കമ്പനി റെ​ഗുലേറ്ററി ഫയലിം​ഗിൽ വ്യക്തമാക്കി. പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ എന്നിവയുൾപ്പെടെയുളള വിവിധ തരം വാഹനങ്ങളുടെ ആകെ എണ്ണമാണിത്. 

ഒരു വർഷം മുമ്പ് സമാന കാലയളവിൽ ഇത് 1,30,541 ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ കമ്പനി കഴിഞ്ഞ ദിവസം പാദ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉൽപ്പാദന ഡേറ്റ പുറത്തുവിട്ടിരിക്കുന്നത്. 2003 ൽ കമ്പനി ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി കഴിഞ്ഞ പാദത്തിൽ കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു. 

കൊവിഡ് ലോക്ക്ഡൗണുകളും പകർച്ചവ്യാധിയെ തുടർന്ന് സപ്ലെ ചെയിൻ സംവിധാനത്തിലെ പ്രശ്നങ്ങളും മൂലമാണ് കമ്പനിയുടെ പ്രതിസന്ധി വർധിച്ചത്. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ബാലെനോ, ഡിസയർ, സിയാസ് മോഡലുകൾ ഉൾപ്പെടെ പാസഞ്ചർ കാറുകളുടെ ഉത്പാദനം 21.89 ശതമാനം ഇടിഞ്ഞ് 77,507 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 99,230 യൂണിറ്റുകളായിരുന്നു, മാരുതി സുസുക്കി പറഞ്ഞു. 

മിനി വിഭാഗത്തിലെ ഉൽപ്പാദനം ഉയർന്നു
 
ആൾട്ടോ, എസ്-പ്രസ്സോ മോഡലുകൾ ഉൾപ്പെടുന്ന മിനി വിഭാഗത്തിലെ ഉൽപ്പാദനം 23.32 ശതമാനം ഉയർന്ന് 20,638 ആയി എന്നും മാരുതി സുസുക്കി പറഞ്ഞു.

കോംപാക്റ്റ് വിഭാഗത്തിലെ ഉത്പാദനം 29.88 ശതമാനം ഇടിഞ്ഞ് 55,390 വാഹനങ്ങളായി. മാരുതി സുസുക്കിയുടെ കോംപാക്റ്റ് വിഭാഗത്തിൽ വാഗൺആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബാലെനോ, ഡിസയർ മോഡലുകൾ ഉൾപ്പെടുന്നു. പാസഞ്ചർ, ലൈറ്റ് കൊമേഴ്‍സ്യൽ വിഭാ​ഗത്തിലെ മൊത്തം ഉത്പാദനം 19.19 ശതമാനം ഇടിഞ്ഞ് 1,07,687  വാഹനങ്ങളിലേക്കും എത്തിയതായി മാരുതി സുസുക്കി റെ​ഗുലേറ്ററി ഫയലിം​ഗിൽ വ്യക്തമാക്കി.

മാരുതി സുസുക്കി ഇന്ത്യ ജൂലൈയിൽ ആഭ്യന്തര വിപണിയിൽ മൊത്തം 1,00,000 പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.82 ശതമാനം വർധന. ഈ മാസത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 1.34 ശതമാനം ഉയർന്ന് 97,768 യൂണിറ്റായി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാരുതി സുസുക്കി കഴിഞ്ഞയാഴ്ച 249.40 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2019 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 1,435.5 കോടി അറ്റാദായം.

click me!