തിരിച്ചടി മറികടന്ന് അംബാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ !

By Web TeamFirst Published Apr 23, 2020, 11:48 AM IST
Highlights

ജാക് മാക്ക് ഒരു ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.

മുംബൈ: റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫേസ്ബുക്ക് നടത്തിയതോടെ  മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ചൈനീസ് ധനികൻ ജാക് മാ യെയാണ് അംബാനിയെ പിന്നിലാക്കിയത്.

ജിയോയിൽ 9.99 ശതമാനം ഓഹരിക്കായി 43,574 കോടിയാണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. 2014 ന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ്. ഈ ഇടപാടോടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില പത്ത് ശതമാനം വീണ്ടും ഉയർന്നു. ഇതോടെ അംബാനിയുടെ ആസ്തി നാല് ബില്യൺ ഡോളർ ഉയർന്ന് 49 ബില്യൺ ഡോളറിലെത്തി. ഇതോടെ ജാക്ക് മായെ മൂന്ന് ബില്യൺ ഡോളറിന് അംബാനി പിന്നിലാക്കി. 

ലോകത്തെ വലിയ ഓയിൽ റിഫൈനറി കൈയ്യാളുന്ന അംബാനിക്ക് കഴിഞ്ഞ ദിവസം എണ്ണ വിപണിയിൽ ഉണ്ടായ വിലയിടിവിനെ തുടർന്ന് ആസ്തിയിൽ 14 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. അതേസമയം ജാക് മാക്ക് ഒരു ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.

ജിയോ 2016 സെപ്തംബറിലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. മൂന്ന് വർഷം കൊണ്ട് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി. ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് വേണ്ടിയാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗുമായി കൈകോർത്തതെന്ന് അംബാനി പിന്നീട് പ്രതികരിച്ചു. ഇതോടെ ഇന്ത്യയിലെ ബിസിനസിൽ ഫെയ്സ്ബുക്കിന് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാവും. 

click me!