മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്, ഏറ്റവും മുന്നില്‍ ബാംഗ്ലൂരും ദില്ലിയും: സംരംഭങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 6, 2019, 12:55 PM IST
Highlights

2014 ൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ആകെ ആസ്തി 1000 മുതൽ രണ്ടായിരം കോടി ഡോളർ വരെയായിരുന്നു. 
 

ദില്ലി: സ്റ്റാർട്ടപ്പുകൾക്ക് മികച്ച ആവാസവ്യവസ്ഥയാണ് ഇന്ത്യയിലെന്ന് രാജ്യത്തെ സോഫ്റ്റ്‍വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം. ഈ വർഷം 1100 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ച് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ മൂന്നാം സ്ഥാനം നിലനിർത്തി. 

അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിൽ  9300 ഓളം പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. ബാംഗ്ലൂരും ദില്ലിയുമാണ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിൽ. 2025 ഓടെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം പത്തിരട്ടിയാകുമെന്നും നാസ്കോം പറയുന്നു.100 കോടി ഡോളർ ആസ്തിയുള്ള നൂറിലധികം കമ്പനികളും അടുത്ത ആറ് വർഷത്തിനിടെ ഉണ്ടാകുമെന്നാണ് നാസ്കോമിന്റെ കണക്കുകൂട്ടല്‍. 2014 ൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ആകെ ആസ്തി 1000 മുതൽ രണ്ടായിരം കോടി ഡോളർ വരെയായിരുന്നു. 

2025 ഓടെ സ്റ്റാർട്ടപ്പുകളുടെ ആസ്തി 35,000 മുതൽ മുപ്പത്തിഒൻപതിനായിരം കോടി ഡോളർ വരെയായി ഉയരും. 40 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 ൽ മാത്രം സ്റ്റാ‍ർട്ടപ്പുകളിലൂടെ നേരിട്ട് അറുപതിനായിരം പേർക്ക് ജോലി കിട്ടിയിട്ടുണ്ട്. 2018 ൽ നാൽപ്പതിനായിരം മാത്രമായിരുന്നു ഇത്. 

ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ 33 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് 2018 ലെ എട്ട് ശതമാനത്തിൽ നിന്നും 18 ശതമാനം വളർച്ച നേടാനും ഈ വർഷം കഴിഞ്ഞു. പ്രതിവർഷം അയ്യായിരത്തോളം പുതിയ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകാൻ പ്രാപ്തമായ 335 ഓളം ഇൻക്യുബേറ്റേഴ്സ് ആണ് രാജ്യത്ത് നിലവിലുള്ളത്. ചൈനയും അമേരിക്കയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാൾ മുന്നിലുള്ളത്.

click me!