സര്‍ക്കാര്‍ നികുതി കുറച്ചിട്ടും ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി അനങ്ങിയില്ല: ശക്തമായ നടപടി നേരിട്ട് കമ്പനി

By Web TeamFirst Published Dec 26, 2019, 3:06 PM IST
Highlights

ജിഎസ്ടി നിരക്ക് കുറച്ചപ്പോൾ, ഇതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ വിലയിൽ ആവശ്യമായ കുറവ് കമ്പനി വരുത്തിയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ആന്റി പ്രോഫിറ്റിയറിങ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ദില്ലി: കേന്ദ്ര ജിഎസ്‌ടി പ്രകാരം ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട വിലക്കുറവ് ലഭ്യമാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് ദേശീയ കൊള്ളലാഭ നിയന്ത്രണ അതോറിറ്റി പിഴയിട്ടു. 230 കോടി രൂപ ഉപഭോക്തൃ ക്ഷേമനിധിയിൽ അടയ്ക്കണം എന്നാണ് വിധി. 2017 നവംബർ 15 മുതൽ 2018 ഡിസംബർ 31 വരെയുള്ള കണക്കുകൾ പരിശോധിച്ച്, വിശദമായി വാദം കേട്ട
ശേഷമാണ് ശിക്ഷ വിധിച്ചത്.

ജിഎസ്ടി നിരക്ക് കുറച്ചപ്പോൾ, ഇതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ വിലയിൽ ആവശ്യമായ കുറവ് കമ്പനി വരുത്തിയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ആന്റി പ്രോഫിറ്റിയറിങ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നികുതി കുറച്ച സമയത്ത് കമ്പനി പല ഉൽപ്പന്നങ്ങളുടെയും അടിസ്ഥാന വില ഉയർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജിഎസ്‌ടി നിരക്ക് ആദ്യം 28 ശതമാനമായിരുന്നത് പിന്നീട് 18 ശതമാനമാക്കി കുറച്ചിരുന്നു. ഈ ഘട്ടത്തിൽ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കുറച്ചിരുന്നില്ല. മുൻപ് നെസ്ലെ കമ്പനിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു.

എൻഎഎ ചെയർമാൻ ബിഎൻ ശർമ്മ ഒപ്പിട്ട ഉത്തരവിൽ മൂന്ന് മാസത്തിനകം പിഴത്തുക ഉപഭോക്തൃ ക്ഷേമനിധിയിൽ നിക്ഷേപിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്ര ജിഎസ്‌ടി നിയമത്തിന്റെ ലംഘനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷാംപൂ, കോസ്മെറ്റിക്സ്, ഹെയർ ഓയിൽ, കണ്ണട, ഷേവിങ് ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. 2017 നവംബറിൽ 178 ഉൽപ്പന്നങ്ങളുടെ നികുതിയാണ് ജിഎസ്‌ടി കൗൺസിൽ പുതുക്കി നിശ്ചയിച്ചത്.

click me!