ആ തീരുമാനം തുണച്ചു, നെറ്റ്‌ഫ്ലിക്സിന് ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു

By Web TeamFirst Published Nov 3, 2020, 7:37 PM IST
Highlights

സെപ്തംബറിലാണ് നെറ്റ്ഫ്ലിക്സ് ജിയോയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 

മുംബൈ: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വരും കാലത്ത് ഏറ്റവുമധികം വളർച്ച പ്രതീക്ഷിക്കുന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഒടിടി രംഗത്തെ അന്താരാഷ്ട്ര ഭീമനായ നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ സ്വാധീനം ശക്തിപ്പെടുത്തുക പ്രധാനമായിരുന്നു. ഇതിന് വേണ്ടിയാണ് കമ്പനി റിലയൻസ് ജിയോയുമായി പങ്കാളിത്ത പ്രവർത്തനം തുടങ്ങിയത്. ഈ തീരുമാനം വളരെയധികം ശരിയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ജിയോയുമായി ചേർന്നതോടെ രാജ്യത്തെ പെയ്‌ഡ് കസ്റ്റമേർസിന്റെ എണ്ണം 46 ലക്ഷത്തിലേക്ക് എത്തിയതായാണ് കണക്ക്. മീഡിയ പാർട്ണേർസ് ഏഷ്യയുടേതാണ് ഈ കണക്ക്. ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി അഞ്ച് ഡോളർ ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് പ്രതിമാസം ലഭിക്കും. ഏഷ്യാ പസഫിക് റീജിയനിൽ 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടാവും നെറ്റ്ഫ്ലിക്സിനെന്നാണ് വിലയിരുത്തൽ.

സെപ്തംബറിലാണ് നെറ്റ്ഫ്ലിക്സ് ജിയോയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 399 രൂപയുടെ പോസ്റ്റ്പെയ്ഡ് സബ്സ്ക്രൈബേർസിന് നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ ഓൺലി സബ്‌സ്ക്രിപ്ഷൻ ലഭിക്കുമായിരുന്നു. 1499 രൂപയുടെ ഡാറ്റ പ്ലാൻ എടുക്കുന്നവർക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കും. ഈ കൂട്ടായ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. ഇന്ത്യയിൽ പരമാവധി ഉപഭോക്താക്കളെ കണ്ടെത്തുകയാണ് നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം.

click me!