
മികച്ച ഷൂസുകള്‍, പരസ്യത്തിനായി ലോകത്തെ വമ്പന്‍ കായിക താരങ്ങള്‍, ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന പരസ്യവാചകങ്ങള്‍, എവിടെ നോക്കിയാലും കാണുന്ന പ്രശസ്തമായ ലോഗോ... ഇവയൊക്കെയായിരുന്നു വര്‍ഷങ്ങളോളം ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയുടെ വിജയമന്ത്രം. അവര്‍ ലോകത്തോട് പറഞ്ഞത് 'ജസ്റ്റ് ഡു ഇറ്റ്' എന്നാണ്. എന്നാല്‍ ഇന്ന് ജീവനക്കാരെ പിരിച്ചുവിട്ടും, ബിസിനസ് രീതികൾ അപ്പാടെ മാറ്റിയും, വില്‍പനയിലെ കനത്ത ഇടിവ് നേരിട്ടും വലിയൊരു പ്രതിസന്ധിയിലൂടെയാണ് നൈക്കി കടന്നുപോകുന്നത്. വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനി ഇപ്പോള്‍.
ഓഗസ്റ്റ് 31-ന് അവസാനിച്ച പാദത്തില്‍ നൈക്കിയുടെ വരുമാനം 4 ശതമാനം ഇടിഞ്ഞ് 11.2 ബില്യണ്‍ ഡോളറിലെത്തി. ലാഭത്തിൽ 2 ശതമാനത്തിന്റെ കുറവുണ്ടായി (712 മില്യണ്‍ ഡോളര്‍). എന്നാല്‍ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന കണക്കുകളാണ്. 2027 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ തന്നെ മുന്നറിയിപ്പ്. ഇത് നിക്ഷേപകര്‍ക്ക് ഒട്ടും ദഹിച്ചിട്ടില്ല. കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ 8.5 ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. നൈക്കിയുടെ വിപണി മൂല്യത്തില്‍ നിന്നും ഇതുവരെ ഏകദേശം 230 ബില്യണ്‍ ഡോളറാണ് ഒലിച്ചുപോയത്.
ആളുകള്‍ സ്‌പോര്‍ട്‌സ് വെയറുകള്‍ വാങ്ങുന്നത് നിര്‍ത്തിയതല്ല കമ്പനിയുടെ പ്രധാന പ്രശ്‌നം. മറിച്ച്, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതില്‍ നൈക്കി പരാജയപ്പെട്ടു എന്നതാണ്. റണ്ണിംഗ് ഷൂസ് ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളില്‍ പുരോഗതിയുണ്ടെന്ന് കമ്പനി തന്നെ സമ്മതിക്കുമ്പോഴും, ലൈഫ്‌സ്‌റ്റൈല്‍ വസ്ത്രങ്ങളുടെയും ഷൂസുകളുടെയും വില്‍പനയില്‍ വലിയ തകര്‍ച്ചയാണ് നേരിടുന്നത്.
ഒരു കാലത്ത് വന്‍ ജനപ്രീതിയുണ്ടായിരുന്ന എയര്‍ ഫോഴ്‌സ് 1, ഡങ്ക്, എയര്‍ ജോര്‍ദാന്‍, കോര്‍ട്ടെസ് തുടങ്ങിയ മോഡലുകള്‍ക്ക് പഴയ ഡിമാന്‍ഡില്ല. വിപണിയിൽ ഇവ കായികതാരങ്ങള്‍ക്ക് മാത്രമുള്ള ഷൂസുകള്‍ ആയിരുന്നില്ല, മറിച്ച് ഫാഷന്‍ ഐക്കണുകള്‍ കൂടിയായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഇവയ്ക്ക് കഴിയുന്നില്ല. നൈക്കിയുടെ കീഴിലുള്ള കണ്‍വേഴ്‌സിന്റെ വരുമാനം ഏറ്റവും പുതിയ പാദത്തില്‍ 28 ശതമാനമാണ് ഇടിഞ്ഞത്. ഈ സമയത്ത് ഓണ്‍ ക്ലൗഡ്, ഹോക്ക തുടങ്ങിയ പുതിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.
നൈക്കിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ചൈനീസ് വിപണിയാണ്. കഴിഞ്ഞ പാദത്തില്‍ ഗ്രേറ്റര്‍ ചൈനയിലെ വരുമാനത്തില്‍ 22 ശതമാനം ഇടിവുണ്ടായി. ചൈനീസ് പ്രാദേശിക ബ്രാന്‍ഡുകള്‍ വിപണി പിടിച്ചടക്കിയതാണ് ഇതിന് കാരണം.
ഇടനിലക്കാരെയും റീട്ടെയില്‍ കടകളെയും ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നൈക്കിയുടെ ശ്രമം പാളിപ്പോയി. ഷോപ്പുകളില്‍ നൈക്കി ഷൂസുകള്‍ അപ്രത്യക്ഷമായത് വില്‍പനയെ സാരമായി ബാധിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ഹോള്‍സെയില്‍ വില്‍പന 2 ശതമാനം വളര്‍ന്നപ്പോള്‍, നൈക്കി ഡയറക്ട് 8 ശതമാനവും ഡിജിറ്റല്‍ വില്‍പന 13 ശതമാനവും ഇടിഞ്ഞു. സ്വന്തമായി സ്റ്റോറുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വേണമെങ്കിലും മറ്റ് റീട്ടെയിലര്‍മാരെയും കമ്പനിക്ക് ആവശ്യമുണ്ടെന്ന് ഇപ്പോള്‍ നൈക്കി തിരിച്ചറിയുന്നു.
ഇതിഹാസ താരങ്ങളെ വെച്ച് സ്‌പോര്‍ട്‌സ് ലോകത്തെ അടക്കിഭരിച്ചിരുന്ന നൈക്കിക്ക് പഴയ ആവേശമുണ്ടാക്കാന്‍ കഴിയുന്നില്ല. ഇന്ന് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് നിരവധി ചോയ്‌സുകളുണ്ട്. നൈക്കിക്ക് ഇപ്പോഴും വലിയ ബ്രാന്‍ഡ് വാല്യു ഉണ്ടെങ്കിലും, ആളുകളില്‍ ആവേശം നിറയ്ക്കാന്‍ അതിന് കഴിയുന്നില്ല.