ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ

By Web TeamFirst Published Feb 6, 2021, 5:11 PM IST
Highlights

ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുംബൈ: പേമെന്റ് കമ്പനി ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്. കമ്പനിയുടെ ദീർഘകാല വളർച്ചയുടെ ഭാഗമായതിനാണ് ഈ അംഗീകാരം നൽകിയത്.

ഇപ്പോൾ സ്റ്റാർട്ട്അപ്പുകൾ പതിവായി ചെയ്തുപോരുന്നതാണ് എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻസ്. സീനിയോറിറ്റിയുടെയും കമ്പനിയിലെ സ്ഥാനത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഇത്തരത്തിൽ ഓഹരികൾ നൽകിവരാറുള്ളത്.

പുതിയ നീക്കത്തിലൂടെ കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് കമ്പനി. ഇതോടെ കമ്പനി തങ്ങളുടെ വരുംനാളുകൾ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രവർത്തനവും പ്രതീക്ഷിക്കുന്നുണ്ട്. 

ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞത് 5,000 ഡോളർ മൂല്യമുള്ള ഓഹരിയാണ് ഓരോ ജീവനക്കാരനും ലഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

click me!