നിങ്ങളുടെ 'സ്കില്ലുകള്‍' പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നു, വിജയികള്‍ക്ക് ചൈനയിലേക്ക് പറക്കാം

By Web TeamFirst Published Nov 17, 2019, 7:47 PM IST
Highlights

മുന്‍ വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ 42 സ്കില്ലുകളാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്‍റെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്കില്‍സ് കേരള 2020' നൈപുണ്യമേളയിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മത്സര ഇനങ്ങള്‍ ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ച ഇത്തവണത്തെ മേളയിലേയ്ക്ക് ഡിസംബര്‍ നാലു വരെ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യ സ്കില്‍സ് കേരള-2020-ന്‍റെ വെബ് പോര്‍ട്ടല്‍, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. റഷ്യയിലെ കസാനില്‍ നടന്ന ആഗോള നൈപുണ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇതോടൊപ്പം സ്വീകരണം നല്‍കി.   

ഐടി മേഖലയിലെ സാധ്യതകളും ആധുനിക സാങ്കേതികവിദ്യയും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയില്‍  പുതിയ നൈപുണ്യ മത്സരയിനങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജനപ്രിയ മത്സരങ്ങളുമുണ്ടായിരിക്കും.  ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിയായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക.

മുന്‍ വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ 42 സ്കില്ലുകളാക്കിയിട്ടുണ്ട്. കൂടാതെ മത്സരയിനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ വെച്ച് നടക്കുന്ന വേള്‍ഡ് സ്കില്‍സ് മേളയിലും പങ്കെടുക്കാം.

ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.indiaskillskerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9496327045 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

click me!