അംബാനി-അദാനി ഭായി ഭായി, അദാനിയുടെ കമ്പനിയിൽ വമ്പൻ നിക്ഷേപം നടത്തി റിലയൻസ്, 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു

By Web TeamFirst Published Mar 28, 2024, 8:11 PM IST
Highlights

റിലയൻസ് ഏറ്റെടുത്ത വൈദ്യുതിയുടെ പ്രത്യേക ഉപയോഗം വെളിപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലും എണ്ണ ശുദ്ധീകരണത്തിനും പെട്രോകെമിക്കൽ കോംപ്ലക്‌സുകൾക്കുമായിരിക്കും ഉപയോ​ഗമെന്നാണ് സൂചന.

ദില്ലി: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗൗതം അദാനിയുടെ  മധ്യപ്രദേശിലെ പവർ പ്രോജക്ടിൻ്റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പദ്ധതിയിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി സ്വന്തം ഉപയോഗത്തിനായി സ്വന്തമാക്കുകയാണ് റിലയൻസ് ലക്ഷ്യമിടുന്നത്. അദാനി പവർ ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് വാങ്ങാമെന്നാണ് കരാർ.

50 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. 600 മെഗാവാട്ട് ശേഷിയുള്ള എംഇഎല്ലിന്റെ മഹാൻ താപവൈദ്യുത നിലയത്തിൻ്റെ ഒരു യൂണിറ്റും വരാനിരിക്കുന്ന 2,800 മെ​ഗാവാട്ട് ശേഷിയും റിലയൻസിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 26 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. 500 മെഗാവാട്ട് വൈദ്യുതി ദീർഘകാലാടിസ്ഥാനത്തിൽ വാങ്ങുന്നതിനുള്ള പ്രത്യേക കരാറും കോർപ്പറേറ്റ് ഭീമന്മാർ തമ്മിലുണ്ടാകും. 

Read More... രാജ്യത്തെ ഒരു തുറമുഖം കൂടി അദാനി ഗ്രൂപ്പിന്; 3080 കോടി രൂപയ്ക്ക് 95 ശതമാനം ഓഹരികളും സ്വന്തമാക്കാൻ കരാ‍റായി

റിലയൻസ് ഏറ്റെടുത്ത വൈദ്യുതിയുടെ പ്രത്യേക ഉപയോഗം വെളിപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലും എണ്ണ ശുദ്ധീകരണത്തിനും പെട്രോകെമിക്കൽ കോംപ്ലക്‌സുകൾക്കുമായിരിക്കും ഉപയോ​ഗമെന്നാണ് സൂചന. അദാനി പവറും റിലയൻസും മാർച്ച് 27നാണ് കരാർ ഒപ്പുവെച്ചത്. 2020-21, 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ എംഇഎല്ലിന്റെ വിറ്റുവരവ് യഥാക്രമം 692.03 കോടി, 1,393.59 കോടി, 2,730.68 കോടി എന്നിങ്ങനെയാണ്. എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

click me!