ഇത് റിലയന്‍സിന്‍റെ കാലം !; പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

By Web TeamFirst Published Jan 18, 2020, 2:58 PM IST
Highlights

ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചുകൊണ്ട് കമ്പനി എത്രമാത്രം സമ്പാദിച്ചുവെന്നതിന്റെ അളവുകോലായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്ത ശുദ്ധീകരണ മാർജിൻ (ജിആർഎം) കഴിഞ്ഞ പാദത്തിൽ ബാരലിന് 9.4 ഡോളറിൽ നിന്ന് 9.2 ഡോളറായി കുറഞ്ഞു.

മുംബൈ: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മൊത്ത ലാഭം 13.5 ശതമാനം വര്‍ധിച്ച് 11,640 കോടിയായി. റിലയന്‍സിന്‍റെ എക്കാലത്തെയും ഉയര്‍ന്ന പാദ വളര്‍ച്ച നിരക്കാണിത്. വെള്ളിയാഴ്ച ഓഹരി വിപണി ഫയലിംഗിലാണ് എണ്ണ മുതല്‍ ടെലികോം വരെ നിക്ഷേപമുളള കോര്‍പ്പറേറ്റ് ഭീമന്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടത്. 

എന്നാല്‍, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓപ്പറേഷന്‍സ് വരുമാനം 2.5 ശതമാനം കുറഞ്ഞ് 1,56,802 കോടി രൂപയായി. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പാദ വളര്‍ച്ചാ നിരക്ക് 11,262 കോടി രൂപയായിരുന്നു. റിലയന്‍സിന്‍റെ ഉപഭോക്ത്യ യൂണിറ്റുകളില്‍ നിന്നുണ്ടായ ലാഭ വര്‍ധനവാണ് മൊത്ത ലാഭത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണമായത്. 

"ഞങ്ങളുടെ മൂന്നാം പാദ ഊര്‍ജ്ജ ബിസിനസിന്‍റെ ഫലങ്ങള്‍ അന്താരാഷ്ട്ര സാമ്പത്തിക കാലാവസ്ഥയുടെ വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെയും പ്രതിഫലനമാണ്. ഞങ്ങളുടെ ഒ2സി ചെയിനില്‍ പെട്രോ കെമിക്കല്‍ മേഖലയില്‍ നിന്നുളള ലാഭ വിഹിതത്തില്‍ കുറവുണ്ടായി. വിപണിയിലെ ആവശ്യകത കുറഞ്ഞതാണ് ലാഭ വിഹിതം കുറയാന്‍ കാരണം. ഈ മോശം സമയത്തും എണ്ണ ശുദ്ധീകരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി." റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചുകൊണ്ട് കമ്പനി എത്രമാത്രം സമ്പാദിച്ചുവെന്നതിന്റെ അളവുകോലായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്ത ശുദ്ധീകരണ മാർജിൻ (ജിആർഎം) കഴിഞ്ഞ പാദത്തിൽ ബാരലിന് 9.4 ഡോളറിൽ നിന്ന് 9.2 ഡോളറായി കുറഞ്ഞു.

click me!