
മുംബൈ: ഇന്ത്യയിലെ ടെലികോം രംഗത്ത് സൗജന്യ ഡാറ്റയുമായി വന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ വിപണി കൈപ്പിടിയിലാക്കിയ റിലയൻസ് ജിയോയുടെ അടവ് ആരും മറന്ന് കാണില്ല. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നില്ലേ? എന്നാൽ ആ വരവിന് ഇന്ന് അഞ്ച് വർഷം പൂർത്തിയായി. ഗൂഗിൾ ഇന്ത്യ മുതൽ സൊമാറ്റോ വരെ, നെറ്റ്ഫ്ലിക്സ് മുതൽ പേടിഎം വരെ... റിലയൻസ് ജിയോക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് ടെക് ഭീമന്മാർ.
അത് വെറുതെയുള്ള ആശംസയല്ല. ജിയോയുടെ വരവും സൗജന്യ ഡാറ്റാ വിപ്ലവവും ഈ കമ്പനികൾക്കെല്ലാം നേട്ടമായിട്ടുണ്ട്. 2016 സെപ്തംബർ അഞ്ചിന് ശേഷം രാജ്യത്തെ ഡാറ്റാ ഉപയോഗം 1300 ശതമാനമാണ് വർധിച്ചത്. ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണം നാല് മടങ്ങ് ഉയർന്നു. ടെലികോം രംഗത്തേക്കുള്ള മുകേഷ് അംബാനിയുടെ രണ്ടാം വരവിന്റെ അടയാളമായിരുന്നു അന്നത്തെ സൗജന്യ ഡാറ്റ.
ഗൂഗിൾ ഇന്ത്യ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഫോൺപേ, അപ്പോളോ ഹോസ്പിറ്റൽസ്, അശോക് ലെയ്ലാന്റ്, ടിന്റർ, വൂഡ്, സോണി ലൈവ്, സാംസങ് ഇന്ത്യ, വിവോ, ഒപ്പൊ, ഡൊമിനോസ് ഇന്ത്യ തുടങ്ങി വമ്പന്മാരെല്ലാം ജിയോയുടെ നേട്ടത്തിൽ ആശംസ അറിയിച്ചു.
ഇന്ത്യയിലെ ഇന്റർനെറ്റ് വിപ്ലവത്തിന് ഇന്ധനം പകർന്ന അഞ്ച് വർഷങ്ങൾ എന്നായിരുന്നു എംഐ കമ്പനിയുടെ ആശംസാ വാചകം. ഇന്ത്യയെ കണക്റ്റഡായി നിലനിർത്തുന്നതിൽ ജിയോ കാണിക്കുന്ന ആത്മാർപ്പണത്തെ നോക്കിയയും അഭിനന്ദിച്ചു. കോടിക്കണക്കിന് വർഷങ്ങൾ ഇങ്ങിനെ തന്നെ വളരട്ടെയെന്നായിരുന്നു പേടിഎമ്മിന്റെ ആശംസ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona