ബിഗ് ബസാര്‍ അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസുകള്‍ വാങ്ങി റിലയന്‍സ്

Web Desk   | Asianet News
Published : Aug 30, 2020, 08:26 AM ISTUpdated : Aug 30, 2020, 09:31 AM IST
ബിഗ് ബസാര്‍ അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസുകള്‍ വാങ്ങി റിലയന്‍സ്

Synopsis

ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. 

മുംബൈ: ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ബിസിനസ് റിലയന്‍സ് വാങ്ങി. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്‍റെ തന്നെ ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്‍റെ പേരിലാണ് 24,713 കോടിയുടെ ഈ വാങ്ങല്‍ നടന്നത്. ഇന്ത്യന്‍ റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ബ്രാന്‍റ് ഫാക്ടറി, ഫുഡ് ഹാളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ 420 നഗരങ്ങളിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സാന്നിധ്യമുള്ളത്. ഇത് ഇനിമുതല്‍ റിലയന്‍സിന് സ്വന്തമാകും.

ജിയോ മാര്‍ട്ട് എന്ന ബ്രാന്‍റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്‍റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ പ്രശസ്തമായ ബ്രാന്‍റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്.

ഈ ഇടപാട് ഇന്ത്യയിലെ ചെറുകിട വ്യാപാര രംഗത്തിന്‍റെ ഭാവി തന്നെ മാറ്റിമറിക്കുന്ന ഇടപാടാണ് എന്നാണ് റിലയന്‍സ് പ്രതികരിക്കുന്നത്. ഇതുവഴി രാജ്യത്തെ ചെറുകിട വ്യാപാര രംഗത്തെ ചെറിയ കച്ചവടക്കാരെയും, വലിയ ബ്രാന്‍റുകളെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം വിജയിക്കുകയാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പറയുന്നത്.

അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്‍റ് ഫാഷന്‍ ലൈഫ് സ്റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും. ഫ്യൂച്ചര്‍ഗ്രൂപ്പിന്‍റെ ഹോള്‍ സെയില്‍ വെയര്‍ ഹൌസ് വിഭാഗം കൈകാര്യം ചെയ്യുക ആര്‍ആര്‍വിഎല്‍ ആയിരിക്കും. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ