അലവൻസുകൾ വെട്ടിക്കുറച്ചു, ശമ്പളമില്ലാത്ത അവധിക്ക് പോകാൻ നിർദ്ദേശം; ദുരിതത്തിലായി വ്യോമയാന മേഖല

By Web TeamFirst Published Apr 19, 2020, 10:05 PM IST
Highlights

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദില്ലി: പ്രതിമാസം 50,000 രൂപയിൽ കൂടുതൽ ശമ്പളമുളള ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ശമ്പളമില്ലാത്ത അവധിക്ക് അയ്ക്കാൻ എയർലൈൻ കമ്പനി സ്‌പൈസ് ജെറ്റ് തീരുമാനിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മൂന്ന് മാസത്തേക്കാണ് ഈ ക്രമീകരണമെന്ന് കമ്പനി വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകാമെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ബജറ്റ് വിമാനക്കമ്പനി മാർച്ച് 25 മുതൽ 31 വരെ ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയച്ചിരുന്നു. 

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ പണം ലാഭിക്കുന്നതിനായി ക്യാബിൻ ക്രൂ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും അലവൻസുകൾ അടുത്ത മൂന്ന് മാസത്തേക്ക് എയർ ഇന്ത്യ 10 ശതമാനം കുറച്ചു.

വിസ്താര കമ്പനിയുടെ ചില എണ്ണ വിതരണക്കാർക്കുള്ള പേയ്‌മെന്റുകൾ മാറ്റിവച്ചതായി റിപ്പോർട്ടുണ്ട്. പ്രാദേശിക വിമാനമായ എയർ ഡെക്കാൻ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ആയതിനാൽ മാർച്ച് 25 മുതൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നു. 

click me!