കൊവിഡ് -19; ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ടാറ്റ മോട്ടോഴ്സ്

By Web TeamFirst Published Mar 15, 2020, 10:27 PM IST
Highlights

ടാറ്റാ മോട്ടോഴ്‌സ് ജീവനക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്

മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സ് അനുമതി നല്‍കി. ആസ്ഥാനത്തും പ്രാദേശിക ഓഫീസുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അവസരം. മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗുണ്ടർ ബട്‌ഷെക്ക് ജീവനക്കാർക്ക് നൽകിയ ഇന്റേണൽ മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ചൈനയ്ക്ക് പുറത്തേക്ക് പടർന്നുപിടിക്കുന്നതോടെ, ജീവനക്കാർക്ക് അപകടസാധ്യത കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി കമ്പനി ഒരു ടീമിനെ രൂപീകരിച്ചു. അവര്‍ കമ്പനിയുടെ നിർമ്മാണ സൈറ്റുകൾ ഉള്ള നഗരങ്ങളില്‍ നിരീക്ഷണം നടത്തും. 

ടാറ്റാ മോട്ടോഴ്‌സ് ജീവനക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. പൊതുഗതാഗതം (എയർ, റെയിൽ അല്ലെങ്കിൽ റോഡ്) ഉൾപ്പെടുന്ന ആഭ്യന്തര യാത്ര അംഗീകാരത്തിന് വിധേയമാക്കി, ഇതോടൊപ്പം കാർഡ് സ്വൈപ്പിംഗ് ഉപയോഗിച്ചുളള ബയോമെട്രിക് ഹാജർ സംവിധാനം മാറ്റുകയും ചെയ്തു. 

മാത്രമല്ല, 20 ലധികം ആളുകൾ ഉൾപ്പെടുന്ന മീറ്റിംഗുകളോ ക്ലാസുകളോ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം ഗർഭിണികളായ സ്ത്രീകളെയും വിട്ടുമാറാത്ത ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖമുള്ള ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മെമ്മോയില്‍ നിർദ്ദേശിക്കുന്നു. കാന്റീനുകളിലെ സീറ്റുകൾ തമ്മിലുള്ള ദൂരം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. 
 

click me!