ടാറ്റ സൺസ് തർക്കം: "ഇത് അസംബന്ധമാണ്", മിസ്ട്രി കുടുംബത്തിന്റെ വാദങ്ങളെ എതിർത്ത് ഹരീഷ് സാല്‍വെ

By Web TeamFirst Published Dec 10, 2020, 10:41 PM IST
Highlights

"ഇത് അസംബന്ധമാണ്. ഇത്തരത്തിലുള്ള ഒരു റിലീഫ് അനുവദിക്കാൻ കഴിയില്ല, ”ടാറ്റയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

ദില്ലി: ലിസ്റ്റഡ് കമ്പനികളിലെ അടക്കം ടാറ്റാ സണ്‍സിലെ ഓഹരികള്‍ മിസ്ട്രി കുടുംബത്തിനും ടാറ്റാ ഗ്രൂപ്പിനുമായി വിഭജിക്കണമെന്ന വാദവുമായി മിസ്ട്രി അഭിഭാഷകന്‍ സുപ്രീം കോടതിയിൽ. എന്നാല്‍, ഈ വാദഗതികളെ ടാറ്റാ ഗ്രൂപ്പ് അഭിഭാഷകനായ ഹരീഷ് സാല്‍വെ എതിര്‍ത്തു. ലിസ്റ്റഡ് കമ്പനികളിലെ അടക്കം 24 ബില്യണ്‍ ഡോളര്‍ മൂല്യം ടാറ്റ സൺസിലെ തങ്ങളുടെ ഓഹരി വിഹിതത്തിനുണ്ടെന്നാണ് മിസ്ട്രി കുടുംബ വാദിക്കുന്നത്. 

മിസ്ട്രി കുടുംബത്തിന്റെ 18.4 ശതമാനം ഓഹരിക്ക് ടാറ്റാ ​ഗ്രൂപ്പ് 70,000 മുതല്‍ 80,000 കോടി രൂപ വരെ മൂല്യമാണ് കണക്കാക്കുന്നത്. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് കമ്പനികളിലെ അടക്കം ഓഹരികള്‍ തങ്ങള്‍ക്കും ടാറ്റാ ഗ്രൂപ്പിനുമായി വിഭജിക്കണമെന്ന് മിസ്ട്രി ചേരി വാദിക്കുന്നത്.

ടാറ്റാ ബ്രാൻഡിലെ 18.4 ശതമാനം ഓഹരി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വിഭജിക്കാൻ മിസ്ട്രി കുടുംബം ശ്രമിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയിൽ നടന്ന ഹിയറിംഗിനിടെ ഹരിഷ് സാൽവെ പറഞ്ഞു. " ടാറ്റ ബ്രാൻഡിനെ നശിപ്പിച്ചതിന് മിസ്ട്രിക്ക് എങ്ങനെ പ്രതിഫലം ലഭിക്കും? ന്യൂനപക്ഷ ഓഹരി ന്യായമായ മാർക്കറ്റ് മൂല്യത്തിൽ നിന്ന് വാങ്ങാൻ മാത്രമേ കോടതിക്ക് ടാറ്റയോട് ആവശ്യപ്പെടാൻ കഴിയൂ,” അദ്ദേഹം പറഞ്ഞു.

"ഇത് അസംബന്ധമാണ്. ഇത്തരത്തിലുള്ള ഒരു റിലീഫ് അനുവദിക്കാൻ കഴിയില്ല, ”ടാറ്റയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. “ഞാൻ ഇതിനെ എതിർക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിലെ 18.4 ശതമാനം ഓഹരിയുടെ മൂല്യം കണക്കാക്കിയതായി മിസ്ട്രിയുടെ നേതൃത്വത്തിലുള്ള ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ഒക്ടോബറിൽ കോടതിയെ അറിയിച്ചിരുന്നു. ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിൽ ​മിസ്ട്രി കുടുംബത്തിന് 1.75 ട്രില്യൺ രൂപ (23.7 ബില്യൺ ഡോളർ) മൂല്യമുളള ഓഹരി വിഹിതമുണ്ടെന്നാണ് പല്ലോഞ്ചി ​ഗ്രൂപ്പ് കോടതിയെ അറിയിച്ചത്. 
 

click me!