'തോമസ് കുക്ക് ഇന്ത്യയുടെ' പേരിന്‍റെ ആയുസ്സ് 2024 വരെ മാത്രം, തോമസ് കുക്ക് ഇനി അടിമുടി മാറിയേക്കും

By Web TeamFirst Published Nov 3, 2019, 10:47 PM IST
Highlights

ടൂറിസം രംഗത്തെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രമുഖ വ്യവസായ ഏജന്‍സിയായ ഫോസണ്‍ തോമസ് കുക്കിനെ ഏറ്റെടുത്തത്. 1.1 കോടി പൗണ്ടിനാണ് ഏറ്റെടുക്കല്‍ സാധ്യമായത് (ഏകദേശം 100 കോടി രൂപ).
 

മുംബൈ: തോമസ് കുക്ക് യുകെയെ ചൈനീസ് വ്യവസായ ഭീമന്‍ ഫോസണ്‍ ഏറ്റെടുത്തതോടെ ഇന്ത്യന്‍ തോമസ് കുക്കിന് ഇനി ബ്രാന്‍ഡ് നാമമായ 'തോമസ് കുക്ക്' ഉപയോഗിക്കാന്‍ 2024 വരെ മാത്രമാകും അവസരം. നിലവില്‍ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് പ്രേം വാട്സയുടെ ഫെയര്‍ഫാക്സിന്‍റെ കീഴിലാണ്. 

തോമസ് കുക്ക് യുകെയെ ഏറ്റെടുക്കാന്‍ നേരത്തെ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്സ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഫോസണ്‍ ഏറ്റെടുത്തതോടെ തോമസ് കുക്കിന്‍റെ ട്രേഡ് മാര്‍ക്കുകള്‍, ഡൊമെയിന്‍ നെയിമുകള്‍, സോഫ്റ്റ്‍വെയര്‍ ആപ്ലിക്കേഷനുകള്‍, ലൈസന്‍സുകള്‍, ഹോട്ടല്‍ ബ്രാന്‍ഡുകള്‍ എന്നിവ ഗ്രൂപ്പിന്‍റെ കൈവശമായി.

ടൂറിസം രംഗത്തെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രമുഖ വ്യവസായ ഏജന്‍സിയായ ഫോസണ്‍ തോമസ് കുക്കിനെ ഏറ്റെടുത്തത്. 1.1 കോടി പൗണ്ടിനാണ് ഏറ്റെടുക്കല്‍ സാധ്യമായത് (ഏകദേശം 100 കോടി രൂപ).

2012 ലാണ് തോമസ് കുക്ക് യുകെയില്‍ നിന്ന് വാട്സ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് (ടിസിഐഎല്‍) വാങ്ങിയത്. യുകെ തോമസ് കുക്കിന്‍റെ തകര്‍ച്ച ടിസിഐഎല്ലിനെ ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ ഇടയില്‍ ആശയക്കുഴപ്പം വര്‍ധിക്കാന്‍ അത് കാരണമായിരുന്നു. ഫോസണ്‍ ഏറ്റെടുത്തതോടെ തോമസ് കുക്ക് വീണ്ടും വിനോദ സഞ്ചാര വ്യവസായത്തിലേക്ക് തിരിച്ചു വരുമെന്നുറപ്പായി.  

click me!