ഐടി കമ്പനികൾ പിരിച്ചുവിടൽ നടപടികളിലേക്ക് നീങ്ങുന്നു; ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാകും

By Web TeamFirst Published Nov 11, 2019, 4:57 PM IST
Highlights

സാങ്കേതിക വിദ്യയിലെ വളർച്ച, അമേരിക്കയിലെ പരിഷ്കരിച്ച തൊഴിൽ നിയമങ്ങളും ചെലവ് ചുരുക്കാനുള്ള സമ്മർദ്ദങ്ങളുമാണ് പ്രധാനമായും ഐടി കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ 20,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം
 

ദില്ലി: ഇന്ത്യൻ കമ്പനികൾക്ക് വലിയ സ്വാധീനമുള്ള ഐടി രംഗത്ത് വൻ പിരിച്ചുവിടൽ വരുന്നതായി റിപ്പോർട്ട്. തൊഴിലാളികളുടെ എണ്ണം വരുന്ന പാദത്തിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് ആലോചന.

സാങ്കേതിക വിദ്യയിലെ വളർച്ചയും അമേരിക്കയിലെ പരിഷ്കരിച്ച തൊഴിൽ നിയമങ്ങളും ചെലവ് ചുരുക്കാനുള്ള സമ്മർദ്ദങ്ങളുമാണ് പ്രധാനമായും ഐടി കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ 20,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം.

ഐടി കമ്പനികളിൽ പ്രൊജക്ട് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ വെല്ലുവിളി. ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്. ഇത് നടപ്പിലായാൽ രാജ്യത്തെ തൊഴിലില്ലായ്മ ഇനിയും ഉയരുമെന്നാണ് വിവരം. ഇതിന് പുറമെ മധ്യതലത്തിലുള്ള ജീവനക്കാർക്കും ജോലി നഷ്ടപ്പെടും.

ഐടി കമ്പനികളിൽ പ്രധാനികളായ കോഗ്നിസെന്റ്, ഇൻഫോസിസ് എന്നിവർ ഇതിനോടകം തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ 12000 തൊഴിലാളികളെ കോഗ്നിസന്റ് പിരിച്ചുവിടും. ഇൻഫോസിസിൽ 10000 പേർക്ക് ജോലി നഷ്ടപ്പെടും. പ്രവർത്തന മൂലധനം 350 മില്യൺ ഡോളർ മുതൽ 400 മില്യൺ ഡോളർ വരെ ലാഭിക്കാനാണ് കോഗ്നിസന്റിന്റെ ശ്രമം.100 മില്യൺ ഡോളർ മുതൽ 150 മില്യൺ
ഡോളർ വരെ ലാഭിക്കാനാണ് ഇൻഫോസിസിന്റെ ശ്രമം. ഇരു കമ്പനികളും അമേരിക്കയിൽ കൂടുതൽ പേർക്ക് ജോലി നൽകും. അമേരിക്കയിൽ തന്നെ ഐടി രംഗത്ത് സ്വാധീനം ഉറപ്പിക്കാനാണ് നീക്കം. അമേരിക്കയിൽ ജോലി നൽകുന്നത് ഇന്ത്യയിൽ ജോലി നൽകുന്നതിനെ അപേക്ഷിച്ച് ചെലവേറിയ തീരുമാനമാണ്. ഇതിനാലാണ് ഇന്ത്യയിലുള്ള 22000 പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. 
 

click me!