ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പുകൾ നിർണ്ണായകമാകും; വിഎസ്‍എസ്‍സി ഡയറക്ടർ

By Web TeamFirst Published Feb 29, 2020, 4:53 PM IST
Highlights

എയര്‍ബസിനെപ്പോലുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

തിരുവനന്തപുരം: രാജ്യത്ത് വിക്ഷേപണവാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും  വാണിജ്യവല്‍ക്കരണം 2050-നകം സാധ്യമാകുമെന്ന്  തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ് പറഞ്ഞു. റോക്കറ്റുകളുടെ നിര്‍മ്മാണമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍  2050-നകം നടക്കുന്ന  സുപ്രധാന മാറ്റങ്ങളിലൊന്നെന്നും  ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ  'ട്രിമ-2020'ല്‍ അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശമേഖലയിലേക്ക് 35 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവയില്‍ മൂന്നെണ്ണം റോക്കറ്റുകളുടെ രൂപകല്‍പ്പനയിലും പതിനാലെണ്ണം ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പനയിലും ശേഷിച്ചവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. തങ്ങളുടെ മാതൃകകളുടെ പരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയെ  സമീപിക്കാറുണ്ടെന്നും ഹോട്ടല്‍ ഒ ബൈ താമരയില്‍ 'ഇന്‍ഡസ്ട്രി 4.0 - തൊഴില്‍ മേഖലയിലെ പ്രത്യാഘാതം' എന്ന വിഷയത്തില്‍ നടന്ന മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇവയുടെ വിജയസാധ്യത തനിക്ക് നിര്‍ണയിക്കാനാവില്ല. എന്നിരുന്നാലും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള സുപ്രധാന  ദൗത്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യം ഐഎസ്ആര്‍ഒക്കു മുന്നിലുണ്ട്.  ഉല്‍പാദനം നിര്‍വ്വഹിക്കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്‍തുണ നല്‍കുന്നതുമായ ഈ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളെ അന്വേഷിക്കുന്നുണ്ട്. എയര്‍ബസിനെപ്പോലുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

click me!