ടാറ്റയുടെ എയർ ഇന്ത്യയിൽ മഹാരാജയ്ക്ക് സിംഹാസനമുണ്ടാവുമോ?

By Web TeamFirst Published Oct 14, 2021, 4:03 PM IST
Highlights

പാകിസ്ഥാനി വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡൽ ആക്കി വരച്ചെടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന എയർ ഇന്ത്യാ മഹാരാജയുടെ രൂപം. 

വട്ടമുഖം, അരിവാൾമീശ, മഞ്ഞയും ചുവപ്പും കള്ളിയുള്ള തലപ്പാവ്, പറക്കും പരവതാനിയിലിരുന്ന് ഹുക്ക പുകയ്ക്കുന്ന ഒരു സുന്ദരൻ മഹാരാജാവ് - ഇങ്ങനെ ഒരു രൂപം മനസ്സിൽ സങ്കല്പിച്ചെടുക്കുന്നത്, സൊറാബ്‌ കൈകുഷ്‌റൂ കൂക എന്ന ബോബി കൂകയാണ്. 1946 -ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, എയർ ഇന്ത്യ എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനി ആയപ്പോൾ, ഇന്ത്യയുടെ പ്രതീകമായി എയർലൈൻ  മരുന്ന്. അന്ന് അതിന്റെ മാസ്‌കോട്ട് എന്ന നിലയ്ക്ക് 'മഹാരാജ'യെ അവതരിപ്പിക്കുന്നത് ബോബി കൂക. ഈ സങ്കല്പത്തെ കടലാസിലേക്ക് പകർത്താൻ  വേണ്ടി, അന്ന് ബോബി കൂക സമീപിക്കുന്നത് ജെ വാൾട്ടർ തോംപ്സൺ (JWT) എന്ന ദക്ഷിണ മുംബൈയിലെ പരസ്യ സ്ഥാപനത്തിലെ ആർട്ടിസ്റ്റ് ആയ സുഹൃത്ത്, ഉമേഷ് മുരുഡേശ്വർ റാവുവിനെ ആണ്. എയർ ഇന്ത്യയിലെ യാത്ര എത്ര സുഖപ്രദമാണ്, അതിലെ സർവീസുകൾ എത്ര രാജകീയമാണ് എന്ന് മറ്റൊന്നും പറയാതെ തന്നെ  വെളിപ്പെടുത്തുന്ന ഒരു ഐക്കൺ ആയി  മേല്പറഞ്ഞ രൂപ ഭാവങ്ങളോടുകൂടിയുള്ള ഒരു മഹാരാജയെ വേണം എന്നാണ് കൂക റാവുവിനോട് പറഞ്ഞത്. അന്ന് ആർട്ടിസ്റ്റ് റാവു, കൂകയുടെ തന്നെ മറ്റൊരു സ്നേഹിതനായ പാകിസ്താനി വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡൽ ആക്കിക്കൊണ്ട്, തന്റെ നോട്ട് പാഡിൽ വരച്ചെടുത്തതാണ് ഇന്ന് നമ്മൾ കാണുന്ന എയർ ഇന്ത്യാ മഹാരാജയുടെ രൂപം. 

" കുറേക്കൂടി നല്ല വിവരണം എന്ന നിലയ്ക്ക് നമുക്കിതിനെ വേണമെങ്കിൽ മഹാരാജ എന്ന് പേരിട്ടു വിളിക്കാം. പക്ഷെ ഇദ്ദേഹത്തിന്റെ രക്തം നീലയല്ല. കണ്ടാലൊരു രാജകീയ ലുക്കൊക്കെ ഉണ്ടെങ്കിലും, ആൾ അത്രക്ക് റോയൽ അല്ല. ഇംഗ്ലണ്ടിലെ രാജ്ഞിയേയും, അവരുടെ ബട്ട്ലറെയും ഒരുപോലെ പരിചരിക്കാൻ നമ്മുടെ മഹാരാജയ്ക്ക്‌ സാധിക്കും. പല രൂപങ്ങളുള്ള ഒരാളാണ് മഹാരാജ. പ്രണയി, ഫയൽവാൻ, തെരുവുചിത്രകാരൻ, പോസ്റ്റ് കാർഡ് കച്ചവടക്കാരൻ, കപ്പൂച്ചിൻ സന്യാസി, അറബി വ്യാപാരി...എന്നിങ്ങനെ പല രൂപങ്ങളും മഹാരാജായ്ക്കുണ്ടാവും" എന്നാണ് ബോബി കൂക അന്ന് തന്റെ ആർട്ടിസ്റ്റുകളോട് വിശദീകരിച്ചു കൊടുക്കുന്നത്.

നാല്പതുകളിലെ ഇൻ ഫ്ലൈറ്റ് മെമ്മോ പാഡുകളിൽ ആണ് ആദ്യമായി മഹാരാജ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ അന്ന് ബ്രിട്ടനിൽ അറിയപ്പെട്ടിരുന്നത് 'ലാൻഡ് ഓഫ് മഹാരാജാസ്' എന്ന പേരിൽ കൂടി ആയിരുന്നതുകൊണ്ട് മഹാരാജ എന്ന പേര് വളരെ പെട്ടെന്നു തന്നെ വിമാനയാത്രക്കാരുടെ നാക്കിൽ ഇടം പിടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഓരോ പുതിയ വിദേശ റൂട്ടിൽ വിമാനസർവീസ് തുടങ്ങുമ്പോഴും, അനൗൺസ്‌മെന്റ് ഈ മഹാരാജായുടെ പുതിയൊരു വേഷത്തിലുള്ള പരസ്യം വഴി ആയിരുന്നു.  

 

പിന്നീട് അറുപതുകളിലും മറ്റും മുംബൈയിലെ  കെംപ്സ് കോർണർ അടക്കമുള്ള പോഷ് ഏരിയകളിലെ വൻ ഹോർഡിങ്ങുകളിൽ, കൂകയുടെ മനസ്സിൽ അപ്പപ്പോൾ തോന്നിയിരുന്ന ഭാവനാവിലാസങ്ങൾക്ക് അനുസരിച്ച് പല ഭാവഹാവങ്ങളിൽ മഹാരാജ പ്രത്യക്ഷപ്പെട്ടു. എഴുപതുകളിൽ നരിമാൻ പോയന്റിലേക്ക് എയർ ഇന്ത്യയുടെ ആസ്ഥാനം മാറിയ ശേഷം ആ പരിസരങ്ങളിലായി ഈ ഹോർഡിങ്ങുകൾ. ഇന്ത്യൻ അഡ്വർടൈസിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന പരസ്യ ഐക്കണുകളിൽ ഒന്നായി താമസിയാതെ എയർ ഇന്ത്യാ മഹാരാജ മാറിയിരുന്നു.  "അമുൽ ഗേളും എയർ ഇന്ത്യ മഹാരാജയുമാണ് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രചാരം സിദ്ധിച്ച രണ്ട് മാസ്കോട്ടുകൾ" എന്നാണ് പരസ്യ രംഗത്തെ കുലപതിയായ രാഹുൽ ഡി കുങ്ഹ പറഞ്ഞത്. 

എൺപതുകളുടെ അവസാനത്തോടെ സോഷ്യലിസ്റ്റ് തരംഗം ഇന്ത്യയിൽ അലയടിച്ചപ്പോൾ, ഒരു മഹാരാജാവിനെ ആണോ ഇന്ത്യയുടെ പ്രതീകമാക്കേണ്ടത് എന്ന സംശയം ഉയർന്നപ്പോൾ മഹാരാജ എന്ന ഐക്കണിനും തൽക്കാലത്തേക്ക് അലമാരയിൽ കയറി ഒളിച്ചിരിക്കേണ്ട അവസ്ഥയുണ്ടായി.

1932 -ൽ ടാറ്റ തുടങ്ങിയ വിമാന കമ്പനി, 1953 -ൽ ദേശസാൽക്കരിച്ച ഇന്ത്യൻ ഗവണ്മെന്റ്, അത് ഒരർത്ഥത്തിൽ ടാറ്റയിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു. ഇന്ന് എയർ ഇന്ത്യ തിരികെ ടാറ്റയ്ക്ക് തന്നെ വിൽക്കേണ്ട ദുരവസ്ഥയിൽ ഗവണ്മെന്റ് എത്തി നിൽക്കുമ്പോൾ, വിമാന കമ്പനിയുടെ പരസ്യങ്ങളിൽ മഹാരാജയെ നിലനിർത്തുമോ അതോ ടാറ്റായുടെ ലോഗോയോ പുതിയ വല്ല ഐക്കണുകളോ മാസ്കോട്ടുകളോ പകരം വരുമോ എന്നൊക്കെയാണ് വിപണിയും ഉപഭോക്താക്കളും ഒരുപോലെ കാത്തിരിക്കുന്നത്.

click me!