കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റിൽ, രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറയും: ഐസിഎംആർ

By Web TeamFirst Published Jul 16, 2021, 6:32 AM IST
Highlights

''രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനർത്ഥം ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തമായിരിക്കുമെന്നോ ഉയർന്നതായിരിക്കുമെന്നോ അല്ല'', എന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ പറഞ്ഞു. 

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം പടർന്നുപിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

'രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനർത്ഥം ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തമായിരിക്കുമെന്നോ ഉയർന്നതായിരിക്കുമെന്നോ അല്ല'', എന്ന് ഡോ. സമീരൻ പാണ്ഡ പറയുന്നു. 

നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുകയെന്ന് ഡോ. പാണ്ഡ വിശദീകരിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഒരു കാരണമാകാം. ''അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാൽ, മൂന്നാം തരംഗമുണ്ടായേക്കാം'', അദ്ദേഹം പറയുന്നു. 

രണ്ടാമത്തേത്, ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കിൽ മൂന്നാം തരംഗം സംഭവിക്കാം. 

നാലാമത്തേത്, സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു. 

ഡെൽറ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും മൂന്നാം തരംഗത്തിന് വഴി വയ്ക്കുക എന്ന ചോദ്യത്തിന്, ഇപ്പോൾത്തന്നെ ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

നേരത്തേ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തലയ്ക്ക് മുകളിൽത്തന്നെയുണ്ടെന്നും, രാജ്യത്തെ പലയിടങ്ങളിലും സർക്കാരുകൾ ആൾക്കൂട്ടങ്ങൾ നിയന്ത്രണമില്ലാതെ അനുവദിക്കുകയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 

ലോകം മൂന്നാം തരംഗത്തിന്‍റെ ആദ്യസൂചനകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ തെദ്രോസ് അഥാനോം ഗെബ്രെയ്സെസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലേക്ക് നയിക്കാനുള്ള കാരണം കൊവിഡിന്‍റെ ഡെൽറ്റ വകഭേദമായിരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. 

111 -ലധികം രാജ്യങ്ങളിലാണ് കൊവിഡിന്‍റെ ഡെൽറ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലാണ് ഡെൽറ്റ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാംതരംഗം ആഞ്ഞടിച്ച്, അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയ സമയത്തായിരുന്നു ഇത്. ഈ വകഭേദം ലോകമെങ്ങും പടരാൻ സാധ്യതയുള്ള ഒന്നാണെന്ന് അന്ന് തന്നെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയതുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!