കൊവിഡിനെ തുരത്താന്‍ ഇന്ത്യക്കാകും, ഇന്ത്യ മുമ്പും ലോകത്തെ നയിച്ചിട്ടുണ്ട്: ഡബ്ല്യുഎച്ച്ഒ

By Web TeamFirst Published Mar 24, 2020, 4:22 PM IST
Highlights

മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.
 

ജനീവ: കൊറോണവൈറസിനെ തുരത്താന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ലോക ആരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഖായേല്‍ ജെ റയാന്‍. വസൂരി, പോളിയോ എന്നീ രണ്ട് മഹാവ്യാധികളെ ഫലപ്രദമായി നേരിട്ട ഇന്ത്യക്ക് കൊറോണവൈറസിനെയും ഫലപ്രദമായി നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ലാബുകള്‍ വേണം. ഇന്ത്യ വളരെ അധികം ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. ഒരു പ്രശ്‌നത്തിനും നമുക്ക് മുന്നില്‍ ലളിതമായ ഉത്തരങ്ങളില്ല. ഇന്ത്യയെപ്പോലൊരു രാജ്യം മുമ്പ് മഹാമാരികളെ നേരിട്ടുവെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 സംബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 3.30 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 14000ത്തിന് മുകളില്‍ ആളുകള്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്ഥിതിയും ആശാവഹമല്ല. സമീപദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ രോഗികളുടെ എണ്ണം 500 കടന്നു. മരണ സംഖ്യ ഏഴായി. രാജ്യം മൊത്തം ലോക്ക്ഡൗണ്‍ അവസ്ഥയിലാണ്.
 

click me!