
ന്യൂയോര്‍ക്ക്: ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിയി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ടിക്കറ്റ് അപേക്ഷകൾക്ക് വൻ തിരക്ക്. ആദ്യ 48 മണിക്കൂറിൽ മാത്രം 12 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഐ സി സിക്ക് ലഭിച്ചത്. അമേരിക്കയിൽ നിന്നും, വെസ്റ്റ് ഇൻഡീസിൽ നിന്നും മാത്രം ഒമ്പത് ലക്ഷം പേരാണ് ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്.
ലഭിച്ച അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റുകൾ വിതരണം ചെയ്യുക. ഫെബ്രുവരി ഏഴ് വരെ ടിക്കറ്റ് അപേക്ഷകൾ സ്വീകരിക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലായിരുന്നു മുന്‍ ലോകകപ്പുകളില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. ഇങ്ങനെയാവുമ്പോള്‍ അവസാനം അപേക്ഷിക്കുന്നവര്‍ക്ക് ടിക്കറ്റ് കിട്ടാനുള്ള സാധ്യത മങ്ങും. എല്ലാവര്‍ക്കു തുല്യം അവസരം നല്‍കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണത്തിന് നറുക്കെടുപ്പ് ഏര്‍പ്പെടുത്തിയത്. ആന്‍റിഗ്വ പ്രാദേശിക സമയം ഫെബ്രുവരി ഏഴിന് രാത്രി 11.59വരെ tickets.t20worldcup.com വഴി അപേക്ഷിക്കുന്ന എല്ലാവരെയും നറുക്കിട്ടെടുത്തായിരിക്കും ടിക്കറ്റ് വിതരണം ചെയ്യുക.
ഒരു മത്സരത്തിനായി എത്ര ടിക്കറ്റുകള്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാം. കാണ്‍ കഴിയുന്ന മത്സരങ്ങള്‍ക്കും നിയന്ത്രണങ്ങളില്ല. നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിക്കുന്നവരെ ഏത് മത്സരത്തിനുള്ള ടിക്കറ്റാണ് ലഭിച്ചതെന്ന് ഇ മെയിലിലൂടെ അറിയിക്കും. ഇ മെയിലില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൂര്‍ണ വിവരങ്ങള്‍ നല്‍കി പണം അടച്ച് ടിക്കറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാം. പണം അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ടിക്കറ്റുകള്‍ ആദ്യം വരുന്ന ആളുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് സ്റ്റേജ് മുതല്‍ നോക്കൗട്ട് ഘട്ടങ്ങളിലെ അടക്കം മത്സരങ്ങളുടെ ടിക്കറ്റിന് ആറ് അമേരിക്കന്‍ ഡോളര്‍ മുതല്‍ 25 ഡോളര്‍വരെയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ലിന് പിന്നാലെ ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ മത്സരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ആതിഥേയരായ അമേരിക്ക അടക്കം 20 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!