ഇം​ഗ്ലണ്ട്-പാകിസ്ഥാൻ ഫൈനൽ നടക്കുമ്പോൾ വേദിയിൽ താരമാകാൻ മലയാളി പെൺകുട്ടി, ആരാണ് ജാനകിയെന്ന കൊച്ചുമിടുക്കി 

By Web TeamFirst Published Nov 13, 2022, 10:52 AM IST
Highlights

ജാനകിയുടെ മാതാപിതാക്കളായ അനൂപ് ദിവാകരനും ദിവ്യ രവീന്ദ്രനും കേരളത്തിലെ കോഴിക്കോട് സ്വദേശികളാണ്. കഴിഞ്ഞ 15 വർഷമായി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.  

മെൽബൺ: ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ പുറത്തായെങ്കിലും ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇം​ഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിൽ ശ്രദ്ധാകേന്ദ്രമാകാൻ മലയാളി പെൺകുട്ടി. ഓസ്‌ട്രേലിയയിൽ നടന്ന 'ദ വോയ്‌സ്' എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ താരമായ ജാനകി ഈശ്വർ എന്ന 13കാരിയായ ഇന്ത്യൻ വംശജയാണ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടക്കുന്ന സം​ഗീത പരിപാടിക്ക് മാറ്റുകൂട്ടാനെത്തുന്നത്. ഓസ്‌ട്രേലിയൻ റോക്ക് ഗ്രൂപ്പായ ഐസ്‌ഹൗസിനൊപ്പമാണ് ജാനകി വേദിയിൽ എത്തുന്നത്. ​ഗ്രൂപ്പിന്റെ രണ്ടാമത്തെ ഗാനമായ 'ഐസ്‌ഹൗസ്‌സ് വീ ക്യാൻ ഗെറ്റ് ടുഗെദർ' എന്ന ഗാനമാണ് ജാനകി ആലപിക്കുക. സിംബാബ്‌വെക്കാരിയായ തണ്ടോ സിക്വിലയും ജാനകിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും.

വലിയ ജനക്കൂട്ടത്തിന് മുന്നിൽ പരിപാടി അവതരിപ്പിക്കുന്നതും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ടിവിയിലൂടെ കാണുന്നതും  അവിശ്വസനീയമായ അനുഭവമായിരിക്കും. എന്റെ മാതാപിതാക്കൾ കടുത്ത ക്രിക്കറ്റ് ആരാധകരാണ്. അവരിലൂടെയാണ് ക്രിക്കറ്റിന്റെ ആഴം മനസ്സിലാക്കിയത്. ടിക്കറ്റുകൾ വിറ്റുതീർന്നെന്ന് കേട്ടു. മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഫൈനൽ കളിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ‌യെന്നും ജാനകി പറഞ്ഞു.

ദ വോയിസ് എന്ന റിയാലിറ്റി ഷോയിലൂടെ ജാനകി സെൻസേഷനായി മാറിയിരുന്നു.അമേരിക്കൻ ഗായിക ബിലി ഐലിഷിൻറെ 'ലവ്‌ലി' എന്ന ഗാനം പാടിയാണ് ജാനകി ശ്രദ്ധേയമാകുന്നത്.  ജാനകിയുടെ മാതാപിതാക്കളായ അനൂപ് ദിവാകരനും ദിവ്യ രവീന്ദ്രനും കേരളത്തിലെ കോഴിക്കോട് സ്വദേശികളാണ്. കഴിഞ്ഞ 15 വർഷമായി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.  ജാനകിക്ക് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ കർണാടക സം​ഗീതം പഠിക്കാൻ തുടങ്ങി.

ടി20 ലോകകപ്പ് ഫൈനൽ ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നടക്കും. സെമിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ തോൽപ്പിച്ചപ്പോൾ ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഇന്ത്യയെ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഞായറാഴ്ച മത്സരം നടന്നില്ലെങ്കിൽ തിങ്കളാഴ്ച ഒരു റിസർവ് ഡേയിൽ ഫൈനൽ നടക്കും.

ടി20 ലോകപ്പ്: ചരിത്രം ആവര്‍ത്തിക്കാന്‍ ബാബര്‍, മധുരപ്രതികാരത്തിന് ബട്‌ലര്‍

click me!