ടി20 ലോകകപ്പിലെ സഞ്ജു സാംസന്റെ പ്രകടനത്തെ മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ പ്രശംസിച്ചു. ഗൗതം ഗംഭീര്‍ ടീം മാനേജ്മെന്റിനോട് പൊരുതിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ത്യക്ക് ലഭിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.
ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ നടത്തുന്ന അവിശ്വസനീയ പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറാണെന്ന് മുന്‍ പാകിസ്താന്‍ താരം ഷൊയിബ് അക്തര്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ മാനേജ്മെന്റിനോട് പൊരുതിയെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിക്കുന്നതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
മുന്‍ പാകിസ്ഥാന്‍ പേസര്‍ വിശദീകരിക്കുന്നതിങ്ങനെ... ''2014 മുതല്‍ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്യൂട്ടിലുണ്ട്. 2015ല്‍ ഞാന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ അദ്ദേഹത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എം എസ് ധോണി, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പര്‍മാരുടെ സാന്നിധ്യം കാരണം സഞ്ജുവിന് അവസരങ്ങള്‍ക്കായി ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ പോലും ഗംഭീര്‍ എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. കടുത്ത പരിശോധനകള്‍ക്കൊടുവില്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ നിര്‍ബന്ധപൂര്‍വ്വം നടത്തിയ സെലക്ഷന്‍ ആയിരുന്നു അത്.'' അക്തര്‍ പറഞ്ഞു.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സഞ്ജു
സൂപ്പര്‍ എട്ടിനെ നിര്‍ണായക പോരില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സുമായി തിളങ്ങിയ സഞ്ജു, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള സഞ്ജു ഗംഭീര പ്രകടനം പുറത്തെടുത്തു. നാല് മത്സരങ്ങൡ നിന്ന് 232 റണ്‍സാണ് സമ്പാദ്യം. ശരാശരി: 77.33. സ്‌ട്രൈക്ക് റേറ്റ്: 201.73
റെക്കോഡുകള്‍
ഇംഗ്ലണ്ടിനെതിരായ 89 റണ്‍സോടെ, ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന വിരാട് കോ്ലിയുടെ (2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 89*) റെക്കോര്‍ഡിനൊപ്പം സഞ്ജു എത്തി. കൂടാതെ, ഈ ലോകകപ്പില്‍ മാത്രം 16 സിക്‌സറുകള്‍ പറത്തിയ സഞ്ജു, ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന രോഹിത് ശര്‍മയുടെ (2024ലെ 15 സിക്‌സറുകള്‍) റെക്കോര്‍ഡും മറികടന്നു.

