ഭാവിയിൽ രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകൾ കളിക്കുന്നത് സാധാരണമാകുമെന്ന് രവി ശാസ്ത്രി

By Web TeamFirst Published Jun 2, 2021, 8:26 PM IST
Highlights

കൊവിഡ് സാഹചര്യവും കളിക്കാർ ബയോ സെക്യുർ ബബ്ബിളിൽ തുടർച്ചയായി കഴിയേണ്ടതും കണക്കിലെടുത്ത് ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ വ്യത്യസ്ത പരമ്പരകളിൽ കളിക്കുക എന്നത് ഭാവിയിൽ സാധാരണമാവുമെന്നും ശാസ്ത്രി

മുംബൈ: ഒരേസമയം, രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകളിൽ കളിക്കേണ്ട സാഹചര്യമാണ് വരുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇം​ഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

കൊവിഡ് സാഹചര്യവും കളിക്കാർ ബയോ സെക്യുർ ബബ്ബിളിൽ തുടർച്ചയായി കഴിയേണ്ടതും കണക്കിലെടുത്ത് ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ വ്യത്യസ്ത പരമ്പരകളിൽ കളിക്കുക എന്നത് ഭാവിയിൽ സാധാരണമാവുമെന്നും ശാസ്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകളിൽ കളിക്കുക എന്നത് പ്രായോ​ഗികമാണ്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. എങ്കിലും ക്രിക്കറ്റിന്റെ വളർച്ചക്കും ഇത് നല്ലതാണെന്നും ശാസ്ത്രി വ്യക്തമാക്കി.

പ്രതിഭാധനരായ കളിക്കാരുടെ ധാരാളിത്തവും ടി20 ക്രിക്കറ്റിനെ ലോകത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കേണ്ടതും കണക്കിലെടുത്താൽ ഇതാണ് മുന്നിലുള്ള മാർ​ഗം. ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണമെങ്കിലും കൂടുതൽ രാജ്യങ്ങൾ ക്രിക്കറ്റിലേക്ക് വരേണ്ടതുണ്ട്. അതിന് ഈ മാർ​ഗം ഫലപ്രദമായി ഉപയോ​ഗിക്കാനാവുമെന്നും ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ അഭിപ്രായത്തെ ഇന്ത്യൻ നായകൻ വിരാട് കോലിയും പിന്തുണച്ചു. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന് മാത്രമല്ല, തുടർച്ചയായി ബയോ സെക്യുർ ബബിളിൽ കഴിയുന്നതുമൂലം കളിക്കാർക്കുണ്ടാകുന്ന മാനസിക പിരിമുറക്കം കുറക്കുന്നതിനും വ്യത്യസ്ത ടീമുകളെ അയക്കുന്നത് ​ഗുണകരമാണെന്ന് കോലി പറഞ്ഞു.

ഇന്ത്യൻ ടീം ഇം​ഗ്ലണ്ട് പര്യടനത്തിലായിരിക്കുമ്പോൾ തന്നെ ജൂലൈയിൽ ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കായി ടെസ്റ്റ് ടീമിലില്ലാത്ത കളിക്കാരെ അയക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഈ ടീമിന്റെ പരിശീലകനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോലിയുടെയും ശാസ്ത്രിയുടെ പ്രസ്താവനകൾ എന്നതും ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!