ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് വലിയ മാനങ്ങളുണ്ട്, ലക്ഷ്യംജയം മാത്രം; ഇംഗ്ലണ്ട് യാത്രയ്ക്ക് മുമ്പ് കോലി

By Web TeamFirst Published Jun 2, 2021, 7:30 PM IST
Highlights

ദൈര്‍ഘ്യമേറിയ പരമ്പര ആയതിനാല്‍ കുടുംബവുമായാണ് ഇന്ത്യന്‍ സംഘം പോകുന്നത്. യാത്രയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും മാധ്യമ പ്രവര്‍ത്തകരെ കണ്ടു.

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ടീം ഇന്ത്യ യാത്രതിരിച്ചു. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ദൈര്‍ഘ്യമേറിയ പരമ്പര ആയതിനാല്‍ കുടുംബവുമായാണ് ഇന്ത്യന്‍ സംഘം പോകുന്നത്. യാത്രയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും മാധ്യമ പ്രവര്‍ത്തകരെ കണ്ടു. വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് തുല്യശക്തികളാണെന്ന് കോലി പറഞ്ഞു. കോലിയുടെ വാക്കുകള്‍... ''കഠിനാധ്വാനത്തിന്റെ ഫലമാണ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. വലിയ മാനങ്ങളുണ്ട് പ്രഥമ ഫൈനലിന്. ഉയര്‍ന്ന തലത്തിലുള്ള ക്രിക്കറ്റാണ് ഇതുവരെ കളിച്ചുവന്നത്. ഫുട്‌ബോളില്‍ ഒരു ചാംപ്യന്‍സ് ട്രോഫി നേടിയാല്‍ അവിടെയൊന്നും അവസാനിക്കില്ല. അടുത്തത് ജയിക്കാനും നേടാനുള്ള ശ്രമമാണ് നടത്തുക. ഇവിടെയും ജയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. 

ഇംഗ്ലണ്ടിലേക്ക് ആദ്യമായിട്ടല്ല ഇന്ത്യ പര്യടനത്തിന് പോകുന്നതിന്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിന് മുമ്പ് വെറും നാല് പരിശീലന സെഷനുകളാണ് ഇന്ത്യക്ക് ലഭിക്കുക. അതിലൊന്നും പരാതിയില്ല, ജയം മാത്രമാണ് ലക്ഷ്യം.'' കോലി പറഞ്ഞു. 2014 കോലിയും ഇപ്പോഴത്തെ കോലിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയിങ്ങനെ. ''2021 ഞാന്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കളിക്കുമെന്ന് 2014ല്‍ ആരും പറഞ്ഞിരുന്നില്ല. എന്റെ കരിയറില്‍ ബുദ്ധിമുട്ടേറിയ ദിവസങ്ങളുണ്ടായിരുന്നു. ഒരു പരമ്പര മാത്രമാണ് ലക്ഷ്യം എന്ന ചിന്തയൊന്നും ഇപ്പോഴില്ല. ടീമിനെ നേരായ വഴിക്ക് നയിക്കാനാണ് ശ്രമിക്കുന്നത്.'' ക്യാപ്റ്റന്‍ പറഞ്ഞു. 

ഫൈനലില്‍ ന്യൂസിലന്‍ഡിന്് മുന്‍തൂക്കമുണ്ടോ എന്ന ചോദ്യത്തിനും കോലി മറുപടി നല്‍കി. ''നമ്മള്‍ ചിന്തിക്കുന്നത് പോലെയാണിത്. ഇംഗ്ലണ്ടിലേക്ക് വിമാനം കേറുന്നതിന് മുമ്പ് കിവീസിന് മുന്‍തൂക്കമുണ്ടാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്.? എന്നാല്‍ ഞാന്‍ കരുതുന്നത് രണ്ട് ടീമുകളും തുല്യരാണെന്നാണ്. ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ടീമിനെ മികച്ച രീതിയില്‍ നയിക്കാനാകുമെന്ന് ഉറപ്പുണ്ട്.'' കോലി പറഞ്ഞുനിര്‍ത്തി.

ഇന്ത്യയുടെ വിജയഗാഥ ഒരു രാത്രികൊണ്ട് ഉണ്ടായതല്ലെന്നും ഒരുപാട് കാലത്തെ പരിശ്രമമുണ്ട് അതിന് പിന്നിലെന്നും ശാസ്ത്രി വ്യക്തമാക്കി. മുംബൈയില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ആദ്യ ഡോസ് വാക്‌സിനേഷനും എടുത്തിരുന്നു. ഇംഗ്ലണ്ടില്‍ എട്ട് ദിവസത്തെ ക്വാറന്റീനും പൂര്‍ത്തിയാക്കണം. ഈ സമയത്ത് പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതിയുണ്ട്.

click me!