ക്വീന്‍സ്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ വേദി വീണ്ടും അനിശ്ചിതത്വത്തില്‍

By Web TeamFirst Published Jan 8, 2021, 6:31 PM IST
Highlights

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തിലായി. ഈമാസം 15നാണ് നാലാം ടെസ്റ്റ് ഗാബയിൽ നടക്കേണ്ടത്.

ബ്രിസ്ബേന്‍: ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിന് വേദിയാവുന്ന ബ്രിസ്‌ബേനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോവിഡ് കേസുകള്‍ കൂടുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് ബ്രിസ്‌ബേന്‍ നഗരത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തിലായി. ഈമാസം 15നാണ് നാലാം ടെസ്റ്റ് ഗാബയിൽ നടക്കേണ്ടത്. ബ്രിസ്‌ബേനിലെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ എങ്ങനെ ടെസ്റ്റ് പരമ്പരയെ ബാധിക്കും എന്ന് പരിശോധിക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ടെസ്റ്റില്‍ 36000 കാണികളെ പ്രവേശിപ്പിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനിച്ചിരുുന്നു. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്ന തീരുമാനം മാറ്റിയേക്കും. ഇതേസമയം, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഐപിഎല്ലിന് സമാനമായി ടീം അംഗങ്ങള്‍ക്ക് അടുത്ത് ഇടപഴകാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ടീം മീറ്റിംഗുകള്‍ നടത്താനും അനുമതി നല്‍കണമെന്നാണ് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഹോട്ടലിലെ ഒരേ നിലയില്‍ താമസിക്കുന്ന കളിക്കാര്‍ക്ക് ആ നിലയിലെ കളിക്കാരെ മാത്രമെ റൂമിന് പുറത്തുവെച്ച് കാണാനും സംസാരിക്കാനും കഴിയൂവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഹോട്ടലിലെ രണ്ട് നിലകളില്‍ താമസിക്കുന്ന കളിക്കാര്‍ക്ക് പരസ്പരം ഇടപഴകാനാവില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

click me!