നാലാം ടി20 മത്സരത്തിൽ തിലക് വർമ്മ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. തിലക് തിരിച്ചെത്തിയാൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ ടീമിൽ ഇടം ലഭിക്കൂ.
ഗുവാഹത്തി: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മലയാളി താരം സഞ്ജു സാംസണിന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ടീമിലെ സ്ഥാനം തെറിക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി. ഇന്ന് ഗുവാഹത്തിയിലാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി20 പോരാട്ടം.
നാലാം ടി20 മത്സരത്തിൽ തിലക് വർമ്മ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. തിലക് തിരിച്ചെത്തിയാൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ ടീമിൽ ഇടം ലഭിക്കൂ. അതുകൊണ്ട് തന്നെ സഞ്ജുവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. നാലാം മത്സരത്തിൽ തിലക് വർമ്മ കളിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവും ഇഷാനും തമ്മിലാകും പോരാട്ടം. റായ്പൂരിലെ രണ്ടാം ടി20യിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയതോടെ ഇഷാൻ കിഷൻ ഈ മത്സരത്തിൽ സഞ്ജുവിനേക്കാൾ ഏറെ മുന്നിലെത്തിക്കഴിഞ്ഞുവെന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
നിലവിലെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്‍റെ സമ്പാദ്യം. അതിനാൽ തന്നെ ഗുവാഹത്തിയിൽ ഒരു വലിയ ഇന്നിംഗ്സ് സഞ്ജുവിന് അനിവാര്യമാണ്. സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് കൈകാര്യം ചെയ്യുന്ന രീതിയെയും ആകാശ് ചോപ്ര വിമർശിച്ചു. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഓപ്പണറായി അവസരം നൽകുമെന്ന് പറഞ്ഞപ്പോൾ സഞ്ജു മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഒരു മോശം പരമ്പരയ്ക്ക് പിന്നാലെ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം ശുഭ്മാൻ ഗില്ലിനെ കൊണ്ടുവന്നു.
ഒരു ഘട്ടത്തിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയെങ്കിലും സഞ്ജുവിനെ ടീമിൽ നിലനിർത്തി. പിന്നീട് ഗില്ലിനെ മാറ്റിയപ്പോൾ വീണ്ടും സഞ്ജുവിനെ കീപ്പർ-ഓപ്പണർ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇത്തരത്തിൽ സഞ്ജുവിനെ പല പൊസിഷനുകളിൽ പരീക്ഷിക്കുന്നത് താരത്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ചോപ്ര നിരീക്ഷിച്ചു.ഇംഗ്ലണ്ടിനെതിരായ അഞ്ച് ഇന്നിംഗ്സുകളിൽ പരാജയപ്പെട്ടത് സഞ്ജുവിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും, ഇഷാൻ കിഷനുമായുള്ള പോരാട്ടത്തിൽ സഞ്ജുവിന് ഇന്ന് 'ഡൂ ഓർ ഡൈ'മത്സരമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-0 ന് മുന്നിലാണ്.


