ചരിത്രത്തിലാദ്യം, ഖത്തറിന്‍റെ മലയാളി താരത്തിന് പുറമെ ലോകകപ്പിൽ പന്ത് തട്ടാനിറങ്ങുന്നത് 3 ഇന്ത്യൻ വംശജർ

Published : Jun 03, 2026, 12:30 PM IST
Indian Origins in FIFA WC

Synopsis

ആഫ്രിക്കൻ കരുത്തരായ കോംഗോയ്ക്ക് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നത് തമിഴ് വേരുകളുള്ള സാമുവൽ മുത്തുസ്വാമിയാണ്.

ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും. മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ, വിവിധ വിദേശ രാജ്യങ്ങൾക്കായി മൂന്ന് ഇന്ത്യൻ വംശജർ കൂടി ഇത്തവണ ലോകകപ്പ് വേദിയിൽ പന്ത് തട്ടാനിറങ്ങുന്നുണ്ട്.

ലോകകപ്പിലെ മലയാളിപ്പെരുമ, തഹ്സിൻ മുഹമ്മദ്

മലയാളികൾക്ക് അഭിമാനമായി ഖത്തർ ജേഴ്സിയിലാണ് പത്തൊൻപതുകാരനായ തഹ്സിൻ മുഹമ്മദ് ലോക കപ്പ് പോരാട്ടത്തിനെത്തുന്നത്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാൽ ലോകകപ്പ് ടീമിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിൻ സ്വന്തമാക്കും. കണ്ണൂർ സ്വദേശികളായ ജംഷീദിന്‍റെയും ശൈമയുടെയും മകനാണ്. അച്ഛൻ ജംഷീദ് കാലിക്കറ്റ് സർവകലാശാലയുടെ മുൻ ഫുട്ബോൾ താരം കൂടിയാണ്. ഖത്തറിന്റെ വിവിധ ജൂനിയർ-യൂത്ത് ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത തഹ്സിൻ, പ്രശസ്തമായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്.

കോംഗോയുടെ കളിമെനയാൻ സാമുവൽ മുത്തുസ്വാമി

ആഫ്രിക്കൻ കരുത്തരായ കോംഗോയ്ക്ക് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നത് തമിഴ് വേരുകളുള്ള സാമുവൽ മുത്തുസ്വാമിയാണ്. 29 കാരനായ സാമുവലിന്‍റെ അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ കോംഗോ സ്വദേശിയുമാണ്. ഗ്രീക്ക് ക്ലബ്ബായ ആട്രോമിറ്റോസിന്‍റെ മിഡ്ഫീൽഡറായ സാമുവൽ 2019 മുതൽ കോംഗോ ദേശീയ ടീമിന്‍റെ ഭാഗമാണ്. രാജ്യത്തിനായി ഇതിനകം 57 മത്സരങ്ങൾ താരം കളിച്ചുകഴിഞ്ഞു.

സോക്കറൂസിന്‍റെ ആക്രമണനിരയിൽ നിഷാൻ വേലുപ്പിള്ള

ഓസ്‌ട്രേലിയൻ നിരയിൽ ഇത്തവണ ഗോളിലേക്ക് ലക്ഷ്യം വെക്കാൻ നിഷാൻ വേലുപ്പിള്ള എന്ന ഇരുപത്തിയഞ്ചുകാരൻ സ്ട്രൈക്കറുമുണ്ട്. നിഷാന്‍റെ അച്ഛന്‍റെ കുടുംബ വേരുകൾ തമിഴ്‌നാട്ടിലാണ്. ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിക്ക് വേണ്ടി കളിക്കുന്ന താരം രണ്ട് വർഷം മുൻപാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കായി കളിച്ച വെറും 6 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടി ഇതിനകം തന്നെ നിഷാൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കിവീസിന്‍റെ കരുത്തായി സർപ്രീത് സിംഗ്

ന്യൂസിലൻഡ് ടീമിന്‍റെ മധ്യനിര നിയന്ത്രിക്കുന്നത് പഞ്ചാബി വംശജനായ സർപ്രീത് സിംഗാണ്. അണ്ടർ-19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ വരെ ഇടംപിടിച്ച താരമാണ് സർപ്രീത്. 2018-ൽ ന്യൂസിലൻഡ് സീനിയർ ടീമിലെത്തിയ താരം പാരീസ് ഒളിംപിക്‌സിലും കിവീസ് ജേഴ്‌സി അണിഞ്ഞിരുന്നു. സർപ്രീത് സിംഗ് തന്‍റെ ആദ്യ രാജ്യാന്തര ഗോൾ നേടിയത് ഇന്ത്യയിൽ വെച്ചായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. മുംബൈയിൽ നടന്ന ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ കെനിയക്കെതിരെയായിരുന്നു ആ ഗോൾ.

ദൊരാസു തുടങ്ങിയ ചരിത്രം

2006-ൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമായിരുന്ന വികാസ് ദൊരാസുവാണ് ഫിഫ ലോകകപ്പ് സ്ക്വാഡിന്‍റെ ഭാഗമായ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജൻ. എന്നാൽ ഇത്തവണ നാല് താരങ്ങളാണ് ഇന്ത്യയുടെ പ്രതിഭ ലോകവേദിയിൽ തെളിയിക്കാൻ ഒരുങ്ങുന്നത്. വൻകരകൾ കീഴടക്കാൻ കാൽപ്പന്തുലോകം ഒരുങ്ങുമ്പോൾ കളി മൈതാനങ്ങളിലെ ഇന്ത്യൻ വംശജരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്; 7 വർഷത്തിനുശേഷം 5 മത്സര ഏകദിന പരമ്പരക്ക് ടീം ഇന്ത്യ, ന്യൂസിലൻഡ് പര്യടന ഷെഡ്യൂൾ പ്രഖ്യാപിച്ചു
സഞ്ജുവിന് പ്രശംസ; എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗിന് തിരിച്ചടിയായത് ലേല തന്ത്രങ്ങളിലെ പിഴവെന്ന് അശ്വിന്‍