സ്റ്റുവർട്ട് ​മക്​ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ

By Web TeamFirst Published May 5, 2021, 10:22 AM IST
Highlights

കഴിഞ്ഞ മാസം 14ന് ക്രെമോണിൽവെച്ച് 46കാരനുമായി മക്​ഗിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് മക്​ഗില്ലിനെ അക്രമികൾ തോക്കു ചൂണ്ടിയശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു.

സിഡ്നി: മുൻ ഓസ്ട്രേലിയൻ ലെ​ഗ് സ്പിന്നർ സ്റ്റുവർട്ട് ​മക്​ഗില്ലിനെ തട്ടിക്കൊണ്ടുപോയശേഷം മോചിപ്പിച്ച സംഭവത്തിൽ സിഡ്നി പോലീസ് നാലു പേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസമാണ് മക്​ഗില്ലിനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ മാസം 14ന് ക്രെമോണിൽവെച്ച് 46കാരനുമായി മക്​ഗിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് മക്​ഗില്ലിനെ അക്രമികൾ തോക്കു ചൂണ്ടിയശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു. മക്​ഗില്ലിനെ ക്രൂരമായി മർദ്ദിച്ച അക്രമികൾ ഒരു മണിക്കൂറിന് ശേഷം ബെൽമോർ പ്രദേശത്ത് ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിരുന്നില്ല.  എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ അക്രമികളെ തിരിച്ചറി‍ഞ്ഞ പോലീസ് 27, 29 42, 46 പ്രായമുള്ള നാലു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഷെയ്ൻ വോണിന്റെ സമകാലീനയിരുന്നതിന്റെ പേരിൽ ഓസ്ട്രേലിയൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന ലെ​ഗ് സ്പിന്നറായ മക്​ഗിൽ ഓസ്ട്രേലിയക്കായി 44 ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 208ഉം ഏകദിനത്തിൽ ആറ് വിക്കറ്റും വീഴ്ത്തി. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 50കാരനായ മക്​ഗിൽ 2011ൽ ബി​ഗ് ബാഷ് ലീ​ഗിൽ കളിച്ചിരുന്നു.

click me!