ഇന്ത്യൻ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റർമാരും (അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ) ഇടംകൈയ്യന്മാരാണ് എന്നത് ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്ന് കൊടക് സമ്മതിച്ചു.

ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന നല്‍കി ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്. ദക്ഷിണാഫ്രിക്കയോടേറ്റ 76 റൺസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക് മത്സരത്തലേന്ന് വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. മലയാളി ആരാധകർ കാത്തിരിക്കുന്ന സഞ്ജു സാംസന്‍റെ തിരിച്ചുവരവിനെക്കുറിച്ചും ബാറ്റിംഗ് കോച്ച് പ്രതികരിച്ചു.

ഇന്ത്യൻ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റർമാരും (അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ) ഇടംകൈയ്യന്മാരാണ് എന്നത് ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്ന് കൊടക് സമ്മതിച്ചു. അതുകൊണ്ട് തന്നെ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയ്യന്മാരായതും എതിർ ടീമിലെ ഓഫ് സ്പിന്നർമാരുടെ സാന്നിധ്യവും ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടം കൈയന്‍മാരാകുന്നത് വ്യക്തിപരമായി പ്രശ്നമായി കാണുന്നില്ലെങ്കിലും എതിർ ടീമിലെ ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ ഇത് തിരിച്ചടിയാകുന്നുണ്ടെന്ന് ഒരു വസ്തുതയാണ്. തുടർച്ചയായ മത്സരങ്ങളിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമാകുന്നത് ഏതൊരു ടീമിനെയും പുനർചിന്തനത്തിന് പ്രേരിപ്പിക്കുമെന്നും കൊടക് പറഞ്ഞു.

എന്നാല്‍ ചെന്നൈയിലെ പരിശീലനത്തിനിടെ സഞ്ജു സാംസൺ ദീർഘനേരം നെറ്റ്സിൽ ബാറ്റിംഗ് നടത്തിയത് സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനയാണെന്ന വാർത്തകൾ കൊടക് തള്ളി. സഞ്ജു നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് പതിവ് രീതി മാത്രമാണെന്നും അത് ടീമിലെ സ്ഥാനത്തിന്‍റെ സൂചനയല്ലെന്നും കൊടക് പറഞ്ഞു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ നാളെ സിംബാബ്‌വെക്കെതിരെ വിജയം അനിവാര്യമാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്പിന്നർമാരായ അക്ഷർ പട്ടേലും കുൽദീപ് യാദവും ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇരുവരും തിരിച്ചെത്തുമ്പോൾ വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ് എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക